മൂക്കിന് പൊട്ടൽ; ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ടി സിദ്ധിഖ്

പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ടി സിദ്ധിഖ് എംഎൽഎ. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ് കുമാർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്
പിന്നാലെയാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് അഞ്ച് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ല. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓർമ വേണമെന്ന് ടി സിദ്ധിഖ് എംഎൽഎ മുന്നറിയിപ്പ് നൽകി.
പോലീസ് ഷാഫിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ല എന്ന് പോലീസിനെയും അവരെ പറഞ്ഞു വിട്ടവരെയും മറക്കില്ല എന്നും ടി സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു