സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി 36 പവൻ കവർന്നു; യുവതി മുംബൈയിൽ പിടിയിൽ

സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി 36 പവൻ സ്വർണം കവർന്ന ശേഷം വിദേശത്തേക്ക് കടന്ന യുവതി മുംബൈയിൽ പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശി തോട്ടാബാനു സൗജന്യയാണ്(24) പിടിയിലായത്. ബംഗളൂരു കോളേജിൽ പിജിക്ക് പഠിക്കുന്ന ബേപ്പൂർ സ്വദേശി ഗായത്രിയുടെ സഹപാഠിയാണ് സൗജന്യ.
ജൂലൈ 17ന് ബേപ്പൂരിലെ വീട്ടിൽ സൗജന്യ താമസിക്കാനെത്തിയിരുന്നു. ജൂലൈ 19ന് തിരിച്ചു പോകുമ്പോൾ ഈ വീട്ടിൽ നിന്ന് 36 പവൻ ആഭരണങ്ങളും മോഷ്ടിച്ചാണ് സൗജന്യ കടന്നത്. തനിക്ക് ഗുജറാത്തിൽ സൈന്യത്തിൽ ജോലി കിട്ടിയെന്നും ഇനി പഠിക്കാൻ വരില്ലെന്നും കോളേജ് അധികൃതരെ അറിയിച്ചു.
സ്വർണം പണയം വെച്ചും വിറ്റും കിട്ടിയ കാശ് കൊണ്ട് ടാൻസാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയി. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി സഹോദരിക്കൊപ്പം താമസിക്കുമ്പോഴാണ് പോലീസിന് വിവരം ലഭിക്കുന്നത്.
സൗജന്യയെ തേടി പോലീസ് ഗുജറാത്തിലേക്ക് പോയതോടെ ഇവർ വിമാനത്തിൽ മുംബൈയിലെത്തി. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് വരാൻ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും.