പിഎം ശ്രീയിൽ ഒപ്പ് വെച്ച കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020 ലെ എൻഇപി അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ല്.
വിദ്യാർഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളവും കേന്ദ്രവും പ്രതിജ്ഞാബദ്ധരെന്നും വിദ്യാഭ്യാസ മന്ത്രലയം അറിയിച്ചു. നിലവിൽ ഒപ്പിട്ടിരിക്കുന്ന എംഒയു ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ്, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് അതിവേഗ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.



