Kerala

ഉണ്ണികൃഷ്ണന്‍ പോറ്റി ഫ്‌ളാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടി; വീട്ടില്‍ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് തുടരുന്നു. ബെംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ചെന്നൈയിലും ബെംഗളൂരുവിലും സംഘം പരിശോധന നടത്തി. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം. ഏകദേശം 22 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയതായാണ് വിവരം. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ ശബരിമലയില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. അന്വേഷണ സംഘം ഓരോ നീക്കങ്ങളും വളരെ രഹസ്യമായാണ് നടത്തുന്നത്. തെളിവെടുപ്പ് ഇന്നും തുടരും. പോറ്റിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധന രാത്രി 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ഈ പരിശോധനയില്‍ പോറ്റിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായാണ് വിവരം. ഇത്രയും വലിയ ഭൂമി ഇടപാടുകള്‍ പോറ്റി എങ്ങനെ നടത്തി, അതിനുള്ള സമ്പത്ത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യമാണ് നിലവില്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്‌ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് അന്വേഷണ സംഘം പരിശോധന നടത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് കണ്ടെടുക്കേണ്ടത്. ചെമ്പുപാളിയില്‍ സ്വര്‍ണ്ണം പതിക്കുന്നതിനോ പൊതിയാന്‍ വേണ്ടിയോ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണ് ഈ 109 ഗ്രാം സ്വര്‍ണ്ണം. ദേവസ്വം ബോര്‍ഡിന്റെ അപ്പ്രൈസര്‍മാരെ ഉള്‍പ്പെടെ കൂട്ടിയാണ് പോലീസ് സംഘം ഈ പരിശോധനക്കെത്തിയത്. ഈ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.

നിരവധി നിക്ഷേപം പോറ്റി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകള്‍ നടത്തിയെന്നും എസ്‌ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു കവര്‍ന്നതെന്നു കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടക ബെള്ളാരിയിലെ ജ്വല്ലറിയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പിടിച്ചെടുത്തു. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവല്‍സ് ഉടമ ഗോവര്‍ധനു സ്വര്‍ണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.

See also  അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി

Related Articles

Back to top button