നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി; യോഗം മാറ്റിവെച്ചു

നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോഗം. എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനായില്ല.
നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിർദേശം. മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാൽ മതിയല്ലോ എന്ന് മന്ത്രി ജി.ആർ അനിൽ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തനാകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മില്ലുടമകളുമായി നാളെ ചർച്ച നടത്തുമെന്നാണ് കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം. പിഎം ശ്രീ പദ്ധതി തർക്കം ഭരണത്തെ ബാധിക്കുന്നില്ല. തർക്കം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ചർച്ചയിൽ പങ്കെടുക്കുമോ എന്നും പി പ്രസാദ് ചോദിച്ചു.



