Kerala

ജോസ് കെ മാണിയാണ് എന്റെ ലീഡർ; പാർട്ടിക്കുള്ളിൽ ഒരു വിള്ളലുമില്ലെന്ന് റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എമ്മിൽ താനും ചെയർമാൻ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാർട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അദ്ദേഹത്തിന് കേരളത്തിൽ ഏത് സീറ്റിലും മത്സരിക്കാം. നിലവിൽ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് കരുതുന്നതെന്നും റോഷി കൂട്ടിച്ചേർത്തു. 

ജോസ് കെ മാണിയുടെ പാലാ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച റോഷി അഗസ്റ്റിന്റെ പ്രതികരണമാണ് കേരള കോൺഗ്രസിനുള്ളിൽ ഭിന്നതയോ എന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചത്. പാർട്ടിയിൽ വിള്ളലുണ്ടാകേണ്ട ഒരു സാഹചര്യവുമില്ല. അങ്ങനെ വാർത്തയുണ്ടാകേണ്ട ഒരു സാഹചര്യവും താൻ രൂപപ്പെടുത്തിയിട്ടുമില്ല. 

പാർട്ടിയുടെ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് ചെയർമാനാണ്. പാർട്ടി നയങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രതികരണങ്ങൾ മാത്രമാണ് എക്കാലവും തന്നിൽ നിന്ന് ഉണ്ടായിട്ടുള്ളത്. പാർട്ടിയെ ലക്ഷ്യം വച്ച് ചിലർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. തന്റെ പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

See also  വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു; വിവാദങ്ങൾ പ്രചാരണത്തിന് തടസ്സമായെന്ന് വൈഷ്ണ

Related Articles

Back to top button