വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി പുറത്തേക്കിട്ടത് സുരേഷ് കുമാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും ചവിട്ടി പുറത്തേക്കിട്ടത് അറസ്റ്റിലായ സുരേഷ് കുമാർ തന്നെയെന്ന് സ്ഥിരീകരണം. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആർപിഎഫ് ആണ് അന്വേഷണ സംഘത്തിന് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്
സുരേഷും ശ്രീക്കുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടായതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദൃശ്യങ്ങളിൽ അർച്ചനയും ഒപ്പമുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരളാ എക്‌സ്പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ വെച്ച് ഞായർ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്
പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ട്രെയിനിന്റെ വാതിൽക്കൽ നിന്ന ശ്രീക്കുട്ടിയോട് മാറാൻ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സുരേഷ് കുമാർ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം



