നാലാം ടി20യിൽ ഇന്ത്യക്കെതിരെ ഓസീസിന് 168 റൺസ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ടോസ് നേടിയ ഓസീസ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്കായി ഓപണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു
21 പന്തിൽ 28 റൺസെടുത്ത അഭിഷേക് ശർമയെ ആദം സാമ്പയാണ് വീഴ്ത്തിയത്. പിന്നാലെ എത്തിയ ശിവം ദുബെ 18 പന്തിൽ 22 റൺസുമായി മടങ്ങി. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് അടുപ്പിച്ച് രണ്ട് സിക്‌സറുകൾ പായിച്ച് പ്രതീക്ഷ നൽകിയെങ്കിലും 10 പന്തിൽ 20 റൺസുമായി മടങ്ങി
ശുഭ്മാൻ ഗിൽ 39 പന്തിൽ 46 റൺസെടുത്ത് പുറത്തായി. തിലക് വർമ അഞ്ച് റൺസിനും ജിതേഷ് ശർമ 3 റൺസിനും വാഷിംഗ്ടൺ സുന്ദർ 12 റൺസിനും വീണു. അക്‌സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിനായി നഥാൻ എല്ലിസ്, ആദം സാമ്പ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബാർട്‌ലെറ്റ്, സ്‌റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റെടുത്തു



