Kerala
കാസർകോട് വിവേക് എക്‌സ്പ്രസിൽ നിന്ന് മദ്യം പിടികൂടി; എസി കോച്ച് അറ്റൻഡർ അറസ്റ്റിൽ

കാസർകോട് ട്രെയിനിൽ നിന്ന് 24 കുപ്പി മുന്തിയ ഇനം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ ട്രെയിനിലെ എസി കോച്ച് അറ്റൻഡർ പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് സാമന്തയെ(51) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാസർകോട് എത്തിയ വിവേക് എക്‌സ്പ്രസിൽ നിന്നാണ് മദ്യം പിടികൂടിയത്. ജീവനക്കാരുടെ കാബിനിലാണ് ഒഡിഷയിൽ നിർമിച്ച മദ്യം സൂക്ഷിച്ചിരുന്നത്.
റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം ഡാൻസാഫ് അംഗങ്ങളാണ് ട്രെയിനിൽ പരിശോധന നടത്തിയത്. തുടർ നടപടികൾക്കായി മദ്യം കാസർകോട് എക്‌സൈസിന് കൈമാറി.



