വിവാഹദിനം വാഹനാപകടത്തില്‍പ്പെട്ട് വധുവിന് പരുക്ക്; ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വാഹാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വധുവിനെ വിവാഹ ദിവസം ആശുപത്രിയിലെത്തി താലി കെട്ടി വരൻ. കല്യാണം ആശുപത്രിയിൽ നടന്നപ്പോൾ കല്യാണ മണ്ഡപത്തിൽ സദ്യവും വിളമ്പി. ആലപ്പുഴ തുമ്പോളിയിലാണ് സംഭവം. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽ വിവാഹിതരായത്.
ഇന്നുച്ചയ്ക്ക് 12.12നും 12യ25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കത്തിന്റെ ഭാഗമായി തണ്ണീർമുക്കത്ത് ബ്യൂട്ടീഷന്റെ അടുത്ത് പോയി മടങ്ങും വഴിയാണ് ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചു
ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ് നടക്കേണ്ടിയിരുന്നത്. അപകടവിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയിലേക്ക് പാഞ്ഞു. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞതോടെയാണ് ആശുപത്രിയിൽ വെച്ച് അതേ മുഹൂർത്തത്തിൽ താലി കെട്ടാൻ തീരുമാനിച്ചത്.
ആവണിയുടെ നട്ടെല്ലിന് പരുക്കുണ്ട്. കാലിന്റെ എല്ലിനും പൊട്ടലുണ്ട്. നാളെ യുവതിയെ സർജറിക്ക് വിധേയമാക്കും. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
കടപ്പാട്: മനോരമ ന്യൂസ്



