നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. ഗംഭീറിൽ വിശ്വാസം അർപ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനർനിർമിക്കാൻ ഗംഭീറിന് പൂർണ പിന്തുണ നൽകുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി
ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണെ നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഗംഭീറിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനർനിർമിക്കുകയാണ്. അദ്ദേഹത്തിന്റെ കരാർ 2027 ലോകകപ്പ് വരെയാണെന്നും ബിസിസിഐ അറിയിച്ചു
ടെസ്റ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഗംഭീറുമായി അഭിപ്രായങ്ങൾ തേടുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം താൻ പരിശീലകനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീർ പറഞ്ഞിരുന്നു. തന്റെ കീഴിലാണ് ചാമ്പ്യൻസ് ലീഗും ഏഷ്യാ കപ്പും നേടിയതെന്നും ഗംഭീർ പറഞ്ഞിരുന്നു



