വഖഫ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്‌ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്‌ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി.
സ്വത്തുക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച യു മീദ് (Unified Waqf Management, Empowerment, Efficiency, and Development) പോർട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കാൻ കോടതി വിസമ്മതിച്ചു. പോർട്ടലിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച പരാതിയിൽ, തെളിവില്ലാതെ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.



