വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതി സംബന്ധിച്ച് വേറൊരു പ്രസ്ഥാനവും ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടിയല്ല കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് പാർട്ടിയിൽ പരാതി വരുന്നതിന് മുമ്പ് തന്നെ രാഹുലിനെ നീക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നും നീക്കി. ഇപ്പോൾ കാര്യങ്ങൾ നിയമപരമായി നീങ്ങുകയാണ്
ഇനി ഇതിൽ കൂടുതൽ നടപടി എന്തെങ്കിലും വരേണ്ട സാഹചര്യമുണ്ടെങ്കിൽ പാർട്ടി അത് ചർച്ച ചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും. ഇതുവരെ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെന്ന് പാർട്ടിക്ക് ബോധ്യം വന്നാൽ അതും ചെയ്യും. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ അത് ഡിജിപിക്ക് കൈമാറുകയാണ് പാർട്ടി ചെയ്തത്
എന്റെ പാർട്ടി എടുക്കുന്ന തീരുമാനം എന്റേത് കൂടിയാണ്. വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ പാർട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നതും പാർട്ടിയെടുത്ത തീരുമാനമാണ്. എന്റെ അടുപ്പം ഇതൊന്നും കെപിസിസി തീരുമാനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു



