Kerala
രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഒളിവിൽ പോകാൻ റെഡ് പോളോ കാർ നൽകിയ സിനിമാ നടിയിൽ നിന്ന് എസ്‌ഐടി സംഘം വിവരങ്ങൾ തേടി. പോലീസ് സംഘം ഫോണിലൂടെയാണ് നടിയോട് വിവരങ്ങൾ തേടിയത്. രാഹുലിന് കാർ നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് പോലീസ് ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നായിരുന്നു നടിയുടെ മറുപടി. ബംഗളൂരുവിലായതിനാലാണ് നടിയെ ഫോണിലൂടെ എസ്‌ഐടി സംഘം ചോദ്യം ചെയ്തത്. രാഹുലിനെതിരെ യുവതി പീഡന പരാതി നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് ഭവന നിർമാണ പരിപാടി ഉദ്ഘാടനം ചെയ്യാൻ നടി എത്തിയത് ഈ കാറിലായിരുന്നു.
പാലക്കാട് നിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഉപയോഗിച്ചത് ചുവന്ന പോളോ കാറാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാർ യുവ നടിയുടേതാണെന്ന് വ്യക്തമായത്.



