സെമി ഫൈനൽ ജയിക്കാൻ മുന്നണികൾ; തദ്ദേശപ്പോരിന്റെ ഫലം ഇന്നറിയാം, വോട്ടെണ്ണൽ എട്ട് മണിയോടെ

സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. എട്ടരയോടെ ആദ്യ ഫലങ്ങൾ വന്നുതുടങ്ങും. ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ എന്നിവയുടെ ഫലമാണ് ആദ്യമറിയുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ത്രിതല പഞ്ചായത്തുകളിലേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുൻസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാർഡുകളുടെ ക്രമ നമ്പർ പ്രകാരമായിരിക്കും വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകൾ എണ്ണും. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകൾ തുറക്കുകയാണ്. എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു



