ടിഐ മധുസൂദനനെ മാറ്റിനിർത്തുമോ സിപിഎം; വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയേക്കും

രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ പയ്യന്നൂർ സിപിഎമ്മിൽ വിവാദം പുകയുന്നു. പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ഉയർന്നത്. ആർ എസ് എസുകാരാൽ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്ന ആരോപണമാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പയ്യന്നൂർ മണ്ഡലത്തിൽ ഫണ്ട് വെട്ടിപ്പ് വിവാദം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പാർട്ടിയിലെ ഒരുവിഭാഗം. ടി ഐ മധുസൂദനൻ രണ്ടാം വട്ടവും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയാവാനുള്ള തയ്യാറെടുപ്പുകൾ നടക്കവേയാണ് മുൻ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ചത്
ടിഐ മധുസൂദനനെ മത്സരിപ്പിക്കരുതെന്നും വി കുഞ്ഞികൃഷ്ണൻ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. പാർട്ടി വിടില്ലെന്ന് പറയുമ്പോഴും തിരുത്തൽ ശക്തിയായി മാറുമെന്ന സൂചനും വി കുഞ്ഞികൃഷ്ണൻ നൽകി. ടിഐ മധുസൂദനൻ മത്സരിച്ചാൽ വിമത സ്ഥാനാർഥിയായി വി കുഞ്ഞികൃഷ്ണൻ ഇറങ്ങാനുള്ള സാധ്യതയും പാർട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ടിഐ മധുസൂദനനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്
വെള്ളൂർ, കരിവെള്ളൂർ പ്രദേശങ്ങളിൽ ഏറെ സ്വാധീനമുള്ള നേതാവാണ് വി കുഞ്ഞികൃഷ്ണൻ. നേതൃത്വത്തിന് അനഭിമതനാണെങ്കിലും അണികൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവും പാർട്ടി മുഖവിലക്കെടുത്തേക്കും. അതേസമയം പരസ്യ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ സിപിഎമ്മിൽ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനും സാധ്യത കൂടുതലാണ്.



