ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം അർഹരായവർക്ക് കൈമാറും

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. രാവിലെ 9 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചുവെന്ന് ബജറ്റ് പ്രസംഗം ആരംഭിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു
വയോജന സംരക്ഷണത്തിനായി എൽഡേർലി ബജറ്റ് എന്നൊരു പുതിയ രേഖ കൂടി അവതരിപ്പിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി ആരംഭിക്കും.
62 ലക്ഷം ജനങ്ങൾക്ക് എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ എത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് 90000 കോടി രൂപയാണ് ഒന്നും രണ്ടും പിണറായി സർക്കാർ നൽകിയത്.
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഫെബ്രുവരി 3ാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറുമെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പ്രശ്‌നം പരിഹരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നികുതി ദായകർക്ക് പുരസ്‌കാരത്തിനായി 5 കോടി രൂപ വകയിരുത്തി. ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷനായി 3820 കോടി രൂപ വകയിരുത്തി.
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് 400 കോടി രൂപ വകയിരുത്തി. സാക്ഷരതാ പ്രേരകുമാർക്ക് വേതനം 1000 രൂപ കൂട്ടി. സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ഹെൽപർമാരുടെ ശമ്പളത്തിൽ 500 രൂപ വർധന വരുത്തി.



