അർഹിച്ച യാത്രയയപ്പ് പോലും തനിക്ക് ലഭിച്ചില്ല; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ

തുടർഭരണം സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതിൽ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തന്നെ മാറ്റി നിർത്തുകയും, എന്നാൽ ഭരണത്തുടർച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമർശനം. അർഹിച്ച യാത്രയയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും വൈകാരികമായി പ്രതികരിച്ചു.
സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച എന്ന തലക്കെട്ടോടെ ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് മാധ്യമങ്ങളിലൂടെ പ്രേം കുമാറിന്റെ വിമർശനം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാർ പറയുന്നു. അർഹിച്ച യാത്ര അയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും പ്രേം കുമാർ പറഞ്ഞു.
ഇത്ര ധൃതി പിടിച്ച് തിടുക്കപ്പെട്ട് തന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാർ പറയുന്നു. ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു. ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല എന്നും പ്രേം കുമാർ വ്യക്തമാക്കി. താൻ പ്രകടിപ്പിച്ചത് അതൃപ്തി അല്ലെന്നും, മനുഷ്യനായതിനാൽ അഭിപ്രായം പറയുന്നു എന്നും പറഞ്ഞുകൊണ്ടാണ് പ്രേംകുമാർ വാക്കുകൾ അവസാനിപ്പിച്ചത്.



