തൃശ്ശൂർ പൂരം കലക്കിയതിൽ ഒന്നാം പ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കലക്ടർ: വിഎസ് സുനിൽ കുമാർ

തൃശ്ശൂർ പൂരം കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. എന്നാൽ ദേവസ്വത്തിലെ ചില ആളുകൾക്ക് പൂരം കലക്കിയതിൽ പങ്കുണ്ടെന്ന് സുനിൽകുമാർ വ്യക്തമാക്കി. പൂലം അലങ്കോലപ്പെട്ടതിൽ ഒന്നാം പ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കലക്ടറാണ്. ഇതേ കലക്ടർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും സുനിൽ കുമാർ പറഞ്ഞു
തിരുവമ്പാടി ദേവസ്വം ബോർഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ബോർഡിലെ ചില ആളുകൾ രാഷ്ട്രീയലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. റിപ്പോർട്ട് ആരും കണ്ടിട്ടില്ലെന്നും സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായിരുന്ന സുനിൽകുമാർ പറഞ്ഞു.
എന്നാൽ പൂരം കലക്കിയത് പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് ആണ് എന്ന് ആവർത്തിക്കുകയാണ് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്. സിപിഎം- ബിജെപി ബാന്ധവം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ആരോപണം. വിവിധ നേതാക്കളുടെ പ്രതികരണം വരും തെരഞ്ഞെടുപ്പിലും പൂരം കലക്കൽ രാഷ്ട്രീയ പ്രചാരണ ആയുധമാകുമെന്നാണ് തെളിയിക്കുന്നത്.



