പാലക്കാട് യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; തള്ളിയിട്ട പ്രതി പിടിയിൽ

പാലക്കാട് യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമെന്ന് റെയിൽവേ പോലീസ്. ഗൂഡല്ലൂർ കെകെ നഗർ സ്വദേശി മുകേഷാണ്(22) മരിച്ചത്. സംഭവത്തിൽ യുവാവിനൊപ്പം ജോലി ചെയ്യുന്ന ഗൂഡല്ലൂർ സ്വദേശിയായ 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ റബർ തോട്ടത്തിൽ തൊഴിലാളികളാണ് മുകേഷും 36കാരനും
പാലക്കാട് ജംഗ്ഷൻ കൊട്ടേക്കാട് കാഞ്ഞിരക്കടവിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. തന്റെ മകൾക്കൊപ്പം മുകേഷ് ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരിക്കുന്നത് കണ്ടതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് കൃത്യം നടത്തിയതെന്ന് 36കാരൻ പറഞ്ഞു. മുകേഷ് തന്റെ മകളോട് മോശമായി പെരുമാറിയെന്ന ഇയാളുടെ പരാതിയിൽ പോക്‌സോ കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
കണ്ണൂർ-യശ്വന്ത്പൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് മുകേഷ് വീണത്. മംഗളൂരുവിലെ ജോലി കഴിഞ്ഞതിനാൽ കോയമ്പത്തൂരിലേക്ക് മറ്റ് ജോലി അന്വേഷിക്കാനായി പോകുകയായിരുന്നു. പാലക്കാട് വിട്ട ശേഷം മകളെ സീറ്റിൽ കാണാതായതിനെ തുടർന്ന് 36കാരൻ അന്വേഷിച്ചു. തുടർന്നാണ് മുകേഷും മകളും ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരിക്കുന്നത് കണ്ടത്. വാക്കുതർക്കത്തിനൊടുവിൽ മുകേഷിനെ തള്ളി ട്രെയിനിന് പുറത്തേക്ക് ഇടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു
കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ട്രെയിനിൽ നിന്ന് ഒരാൾ വീഴുന്നത് കണ്ട യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയിരുന്നു. ഞായറാഴ്ച രാത്രി തന്നെ മുകേഷിനായി തെരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെയാണ് കാഞ്ഞിരക്കടവ് പുഴയോട് ചേർന്നുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.



