ഇസ്രായേലും അമേരിക്കും ഈ മൂന്ന് ഉപാധികൾ അംഗീകരിക്കണം; യുദ്ധം അവസാനിപ്പിക്കാൻ നിബന്ധന വെച്ച് ഇറാൻ

അമേരിക്കയും ഇസ്രായേലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തര തലത്തിലെ ഉറപ്പ് വേണം എന്നീ നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ആവശ്യം
ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. റഷ്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് പെസഷ്‌കിയാൻ പറഞ്ഞു. മേഖലയിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഞാൻ ഉറപ്പാക്കും. എന്നാൽ ഇസ്രായേൽ ഭരണകൂടവും യുഎസും തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ്
അതേസമയം ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണയുടെ ഒഴുക്ക് തടയുന്ന തരത്തിൽ എന്തെങ്കിലും ചെയ്താൽ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ ഹോർമൂസ് കടലിടുക്ക് വഴി എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഐർജിസിയും വ്യക്തമാക്കി



