Kerala

വീണാജോർജിനെതിരായ ആക്രമണം; കെഎസ്യു പ്രവ‍ർത്തകർ ആക്രമിച്ചില്ല: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച് എസ്ഐറ്റി

കണ്ണൂര്‍: മുന്‍മന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ വീണയെ ആക്രമിച്ചിട്ടില്ലെന്ന് അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും ഗണ്‍മാനും സംഭവം പെരുപ്പിച്ച് കാണിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രിമിനല്‍ നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്യാജ മൊഴി നല്‍കിയ ഗണ്‍മാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായത്. അക്രമിച്ചെന്ന ക്രിമിനല്‍ കേസ് ഗണ്‍മാന്‍ മൊഴി മാറ്റിയതോടെ നിലനില്‍ക്കില്ല. മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രിയും ഇതിനിടയില്‍ പെടുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിന് വേദന ഉണ്ടായത്. സംഭവത്തിന് ശേഷം മന്ത്രി മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക്‌ നടന്നുപോകുകയും ചെയ്‌തെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സംഭവത്തില്‍ തൊണ്ടിയായി കരിങ്കൊടി മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. വീണാജോര്‍ജിനെ ചികിത്സിച്ച പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്നത് എസ്‌ഐടിക്ക് കണ്ടുപിടിക്കാനായില്ല. ആക്രമിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്‌ഐടി തലവന്‍ കെഎപി നാലാം ബറ്റാലിയന് കമാന്‍ഡന്റ് യു പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തുടരന്വേഷണം നടത്തിയത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസാണിത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്യു ആരോപിച്ചിരുന്നു. ഇതിലടക്കമാണ് അന്വേഷണം നടന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ ഗണ്‍മാന്‍ മൊഴി മാറ്റിയതും വീണ ജോര്‍ജിന് കുരുക്കായി.

See also  എൻഡിഎ നേതാവായ തുഷാറിനെ ദൂതനാക്കിയത് എന്തിന്; ഐക്യ നീക്കം വെട്ടിയ കാരണം വ്യക്തമാക്കി എൻഎസ്എസ്

Related Articles

Back to top button