Kerala

ജി സുധാകരന് പിന്തുണയുമായി രഹസ്യയോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് സിപിഎം ചാരൂംമൂട് ഏരിയാ കമ്മിറ്റി

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സിപിഎമ്മുമായി വഴിപിരിഞ്ഞ ജി സുധാകരന് പിന്തുണയുമായി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ രഹസ്യയോഗം നടന്നുവെന്ന വാർത്ത നിഷേധിച്ച് സിപിഎം ചാരുംമൂട് ഏരിയാ കമ്മിറ്റി. സിപിഎം ബന്ധം ഉപേക്ഷിച്ച ജി സുധാകരനൊപ്പം ചാരുംമൂട് ഏരിയയിൽ നിന്നും ഒരു പാർട്ടി അംഗം പോലും പോയിട്ടില്ല. പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ജി സുധാകരനു വേണ്ടി രഹസ്യ യോഗം നടന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു. 

പരസ്യ പ്രസ്താവന ഇറക്കികൊണ്ടാണ് പ്രതികരണം. ജി സുധാകരന്റെ വാർത്താസമ്മേളനം അറിഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന് പാർട്ടി സഖാക്കളും ബന്ധുക്കളും പാർട്ടി ഓഫീസിൽ തടിച്ചു കൂടുകയും പ്രകടനമായി ഭുവനേശ്വരന്റെ സ്മൃതി മണ്ഡപത്തിലേക്ക് എത്തിച്ചേരുകയും ആണ് ഉണ്ടായത്. ഭുവനേശ്വരന്റെ മണ്ണിൽ പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമായാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വസ്തുത ഇതായിരിക്കെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നത് എന്നാണ് പുറത്തുവന്നിരുന്ന വിവരം. ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു എന്നുമാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. ജി സുധാകരനെ നേരിട്ട് സന്ദർശിക്കാനാണ് ഇവരുടെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
 

See also  നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Related Articles

Back to top button