സൈബർ ആക്രമണം: കേസെടുത്തിട്ടും മെല്ലെപ്പോക്ക്; തുടരന്വേഷണം വൈകുന്നതിൽ കെ.സി പക്ഷത്തിന് കടുത്ത അമർഷം

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ മെല്ലെപ്പോക്ക് തുടർന്ന് സൈബര്‍ പൊലീസ്. സൈബര്‍ ആക്രമണക്കേസില്‍ വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സൈബര്‍ ആക്രമണത്തിനെതിരെ തുറന്നടിച്ചെങ്കിലും കേസെടുക്കേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം.
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയിലെ തുടര്‍ നടപടികളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വ്വമായ അലംഭാവമുണ്ടായെന്നാണ് കെ സി അനുകൂലികളുടെ നിലപാട്. ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ട് രണ്ട് മാസം പിന്നിട്ടു. ജോണ്‍സണ്‍ എബ്രഹാമിനെപ്പോലെ ഭരണകക്ഷിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവ് നല്‍കിയ പരാതി പൊലീസ് വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും കെ സി പക്ഷത്തിന് ആക്ഷേപമുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടും കേസെടുത്തതിന് അപ്പുറത്തേയ്ക്ക് തുടര്‍ നടപടിയുണ്ടായില്ല. ഇതിലും കെ സി പക്ഷത്തിന് അമര്‍ഷമുണ്ട്.
അതേസമയം വിഷയത്തില്‍ തുടര്‍ നടപടിയെടുക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്ന നിലപാടിലാണ് പൊലീസ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ നിയമനടപടി സ്വീകരിച്ചാല്‍ അവസാനം മറുപടി പറയേണ്ടത് തങ്ങളായിരിക്കുമെന്ന ബോധ്യമാണ് പൊലീസിനെ പിന്നോട്ടടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജോണ്‍സണ്‍ എബ്രഹാമിന്റെ മൊഴിയെടുത്തതിന് അപ്പുറത്തേയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നായിരുന്നു കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത്. വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ സൈബര്‍ പൊലീസ് കേസെടുത്തത്. കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവമായിരുന്നു കെ സി വേണുഗോപാല്‍ ഉന്നയിച്ചത്. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് സൈബര്‍ ഇടത്ത് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ ആയ നേതാവിനെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.



