Sports

യുദ്ധം ക്രിക്കറ്റിനും ഭീഷണി; അഫ്ഗാൻ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മില്‍ നടക്കാനിരുന്ന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു.

താരങ്ങള്‍ക്ക് യാത്രാ സൗകര്യമടക്കമുള്ളവ ഒരുക്കുന്നതില്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കാൻ തീരുമാനിച്ചത്. മത്സരം 2026ന്റെ അവസാനത്തേക്ക് മാറ്റിവെച്ചതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

മാർച്ച്‌ 13 മുതല്‍25 വരെ യുഎഇയില്‍ വെച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കാരണം വിമാന സർവീസുകളില്‍ നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇതോടെ ടീമുകളുടെ യാത്ര വൈകിയിരുന്നു. പ്രതിസന്ധികള്‍ക്കിടെ മത്സരത്തിനായുള്ള ഒരുക്കങ്ങളും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.

എന്നാല്‍ പരമ്പര സംഘടിപ്പിക്കാൻ ആവശ്യമായ അനുമതി ലഭിച്ചതിന് പിന്നാലെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നുവെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.

“എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ രണ്ട് വേദികളിലും മത്സരങ്ങള്‍ സംഘടിപ്പിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാല്‍ മാർച്ച്‌ ആദ്യം ഉണ്ടായ ചില അപ്രതീക്ഷിത സംഭവവികാസങ്ങള്‍ യാത്രാ ക്രമീകരണങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും തടസങ്ങള്‍ സൃഷ്ടിച്ചു,” എന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയില്‍ പറയുന്നത്.

മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കാനായിരുന്നു പദ്ധതി. ടി20 മത്സരങ്ങള്‍ മാർച്ച്‌ 13, 15, 17 തീയതികളില്‍ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഏകദിന മത്സരങ്ങള്‍ ദുബൈ ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാർച്ച്‌ 20, 22, 25 തീയതികളില്‍ നടത്താനായിരുന്നു പ്ലാൻ.

പരമ്പര മാറ്റിവയ്ക്കുന്ന തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. പുതുക്കി നിശ്ചയിക്കുന്ന പരമ്പരയ്ക്കും യുഎഇ തന്നെയാകും പ്രധാന വേദിയാകാൻ സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.

See also  സഞ്ജു ഇതുവരെ പോയില്ല, പക്ഷേ ദ്രാവിഡ് ടീം വിട്ടു; രാജസ്ഥാൻ റോയൽസിൽ നാടകീയ സംഭവങ്ങൾ

Related Articles

Back to top button