Local

നിഹാലിന്റെ വീട് യാത്രയയപ്പ് വേദിയാക്കി കൂട്ടുകാർ

പരിക്കേറ്റ് വിശ്രമത്തിലുള്ള സഹപാഠിക്ക് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവം

മുക്കം: ഏഴാം തരം വിദ്യാർത്ഥിയായ നിഹാലിന് ഇത്തവണ വാർഷിക പരീക്ഷ എഴുതാനായില്ല. വാഹനാപകടത്തിൽ കാലിന് പരിക്ക് പറ്റിയതിനാൽ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലാണ്. കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ യു പി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ . പഠനത്തിൽ മിടുക്കനായ കൂട്ടുകാരന് യു എസ് എസ് പരീക്ഷയും എഴുതാൻ കഴിയാതെ വന്നത് സഹപാഠികളെ വിഷമത്തിലാക്കി. വർഷാവസാനം സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികളിലും പങ്കെടുക്കാൻ സാധിക്കില്ലെന്ന് വന്നപ്പോഴാണ് ക്ലാസ് അധ്യാപകൻ പുതിയ ഒരു ആശയം മുന്നോട്ട് വെച്ചത്. സ്കൂളിലെ യാത്രയയപ്പ് ആഘോഷം നിഹാലിന്റെ വീട്ടിൽ വെച്ച് നടത്തിയതിലൂടെ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാണ് കുട്ടികൾക്ക് പകർന്ന് നൽകാനായത്. സ്കൂളിൽ പോകാനാകാതെ സങ്കടപ്പെടുന്ന മകന്റെ സങ്കടം കണ്ട് വിഷമാവസ്ഥയിലായ രക്ഷിതാക്കളും ഈ ആഘോഷത്തിൽ സന്തോഷാശ്രു പൊഴിച്ചു.

സ്കൂൾ യാത്രയയപ്പ് ആഘോഷങ്ങൾ അതിരു കടന്ന് അക്രമങ്ങളുടെയും കൊലവിളികളുടെയും വേദിയായി മാറുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്കിടയിൽ ഇത്തരം ചേർത്തുപിടിക്കലിന്റെ അവസരം ഒരുക്കിയതിന് രക്ഷിതാക്കളും പൂർണ പിന്തുണ നൽകി. നിഹാലിന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി ഇത് മാറുമെന്ന് ക്ലാസ് അധ്യാപകൻ ടി.പി അബൂബക്കർ സാക്ഷ്യപ്പെടുത്തി.

See also  മഹിളാ ന്യായ് നേതൃസംഗമം

Related Articles

Back to top button