വൈദ്യുതി വാങ്ങൽ നീക്കം പ്രതിസന്ധിയിൽ; നിയന്ത്രണം തുടരും

തിരുവനന്തപുരം: ചൂട് കഠിനമായി തുടരുകയും വൈദ്യുതി ഉപയോഗം വര്‍ധിച്ച തോതില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധിക വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബിയുടെ തീരുമാനം പ്രതിസന്ധിയില്‍. രാജ്യത്തൊട്ടാകെ വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ വാങ്ങുന്നതിന് പവര്‍ എക്‌സ്‌ചേഞ്ചിലും വൈദ്യുതി ലഭ്യമല്ല. ഇതോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബി തീരുമാനം പ്രതിസന്ധിയിലായിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ ഉണ്ടായ പ്രതിസന്ധി ഇന്നലെ ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തിരുന്നു. വൈദ്യുതി വാങ്ങാനാകാതെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍ക്കാര്‍ തലത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും.
പീക്ക് സമയ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വരുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി തേടുകയും ലഭിക്കുകയും ചെയ്തിരുന്നു. യൂണിറ്റിന് 10 രൂപവരെ നല്‍കി മേയ് 15 വരെ ടേം എഹെഡ് മാര്‍ക്കറ്റില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. ഇതാണ് ഇപ്പോള്‍ നടപ്പാക്കാനാകാത്ത സ്ഥിതിയിലായിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരും. വൈകിട്ട് ആറ് മുതലുള്ള സമയങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം സാധ്യമാകുന്നതുപോലെ ഉപയോക്താക്കളെ അറിയിക്കും. പരിധിക്ക് മുകളിൽ വൈദ്യുതി ഉപയോഗമുണ്ടായാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ക്രമീകരണം എന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ സംസ്ഥാന വ്യാപകമായി പല സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മുൻകൂട്ടി അറിയിക്കാതെയുള്ള നിയന്ത്രണം രാത്രി സമയങ്ങളിൽ ജനങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ, വൈദ്യുതി ഉപയോഗം പരിധിവിട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുള്ള ക്രമീകരണം എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രാദേശികമായി ഓരോ മേഖലകളിലാണ് പല സമയങ്ങളിലായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഓവർലോഡ് ആകുന്ന സമയം മുൻകൂട്ടി അറിയാൻ കഴിയില്ലെങ്കിലും, സാധ്യമാകുന്ന നേരങ്ങളിൽ ഉപയോക്താക്കൾക്ക് സന്ദേശം നൽകാനാണ് തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലാണ് സന്ദേശം അയക്കുക.



