Kerala

എയറിൽ കയറിയ സ്ഥാനാർഥികൾ

വാഗ്വാദങ്ങൾ, വാഗ്ദാനങ്ങൾ, അവകാശവാദങ്ങൾ, കൂറുമാറ്റങ്ങൾ… അങ്ങനെയങ്ങനെ വളരെ ആവേശകരമാണ് ഓരോ തെരഞ്ഞെടുപ്പ് കാലവും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മലയാളികളെ ഒരുപാട് ചിരിപ്പിച്ച് എയറിലായ സ്ഥാനാർഥികളുടെ എണ്ണം പക്ഷേ, കുറച്ച് കൂടുതലായിരുന്നു. ഇവരിൽ മിക്കവരും ഒരേ മുന്നണിയിൽ, അതിൽ തന്നെ ഒരേ പാർട്ടിയിൽപ്പെട്ടവരായിരുന്നു എന്നതാണ് കൗതുകകരം. ഇതിനെ വേണമെങ്കിൽ വെറും യാദൃച്ഛികം എന്നു പറയാം… വേണമെങ്കിൽ മാത്രം!!

പറഞ്ഞ് വരുന്നത് എൻഡിഎ സ്ഥാനാർഥികളുടെ കാര്യമാണ്. ഇരുട്ടിവെളുത്തപ്പോൾ അരാഷ്ട്രീയവാദമൊക്കെ ഉപേക്ഷിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20 ആണ് എയർ കയറാൻ യോഗ്യരായ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പ് രംഗത്ത് അവതരിപ്പിച്ചത്. അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചിഹ്നം ചക്ക ആയിരുന്നെങ്കിലും, താമര പതിച്ച കാവി ഷാളും കഴുത്തിലിട്ടാണ് ട്വന്‍റി20 സ്ഥാനാർഥികൾ പ്രചാരണത്തിനിറങ്ങിയത്. അവരിൽ പലരും തെരഞ്ഞെടുപ്പിനു മുൻപോ ശേഷമോ കേട്ടുകേൾവി പോലുമില്ലാത്തവരാണെങ്കിലും, ചിലരൊക്കെ പെട്ടെന്നങ്ങു പ്രമുഖരാകുകയും മലയാളക്കാരയാകെ തരംഗമാവുമാവുകയും എയറിൽ കയറുകയും ചെയ്തു. എ‍യറിൽ നിന്ന് ഇറങ്ങിത്തുടങ്ങിയവർ ഫലപ്രഖ്യാപനത്തോടെ റോക്കറ്റിൽ കയറിയിട്ടുമുണ്ട്.

ചക്കയുടെ ബ്രാൻഡ് അംബാസഡർ

ട്വന്‍റി20 സ്ഥാനാർഥികളുടെ ചിഹ്നം ചക്കയായിരുന്നു. അത് ഏറ്റവും കൂടുതൽ ആസ്വദിച്ചത് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയും. ആളുടെ പേര് പി.വി. അഞ്ജലി. പക്ഷേ, സ്വയം വിളിക്കുന്നത് അഞ്ജലി നായർ എന്നാണ്. ചക്കയുടെ മുഖം, സോറി… ചക്ക എന്ന ബ്രാൻ‌ഡിന്‍റെ മുഖം ഇപ്പോൾ താനാണെന്നൊക്കെയാണ് അഞ്ജലിയുടെ അവകാശവാദം. മാത്രമല്ല, ചക്കയിൽ നിന്ന് താമര വിരിയുമെന്നുവരെ പറഞ്ഞു നമ്മുടെ സ്ഥാനാർഥി.

‘ചക്കയും താമരയും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നല്ല ബന്ധമാണ്. ചക്കയിൽ ഒട്ടിയിരിക്കുന്ന പശപോലെയാണ്. എന്‍റെ ചക്ക ചിഹ്നം ലോകത്തുള്ള എല്ലാ മലയാളികളും അറിഞ്ഞു കഴിഞ്ഞു. ചക്ക തന്നെയാണ് താമര, താമര തന്നെയാണ് ചക്ക.”

പിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ ചക്കയും താമരയും നിറഞ്ഞു. ചക്കയിൽ താമര തേടിയുള്ള അലച്ചിലായി പലരും. ചക്ക വെട്ടി താമര കണ്ടില്ലെന്ന് പറഞ്ഞ് ചക്കയോട് പിണങ്ങിയവരും ചക്കയിൽ നിന്ന് എങ്ങനെ താമര വിരിയിക്കാമെന്ന് ശാസ്ത്രീയമായി വിവരിക്കുന്ന പണ്ഡിതരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പക്ഷേ, സർക്കാർ സ്കൂളുകളിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങുമെന്ന ‘മഹത്തായ വാഗ്ദാനം’ തന്നെയായിരുന്നു അഞ്ജലിയുടെ മാസ്റ്റർപീസ്!

നേതാക്കൾ സ്ഥിരമായി വിജയ പ്രതീക്ഷ പങ്കുവയ്ക്കാറുണ്ടെങ്കിലും അഞ്ജലിയുടെ അമിതാത്മവിശ്വാസം മണ്ഡലത്തിലെ വോട്ടർമാരെ തന്നെ ആശയക്കുഴപ്പത്തിലാക്കി. തന്നെ എംഎൽഎ എന്നാണ് ആളുകൾ വിളിക്കുന്നതെന്നായിരുന്നു അഞ്ജലിയുടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ‌. തന്നെ അവരെല്ലാം എംഎൽഎയായി കണ്ടു കഴിഞ്ഞെന്നും, എവിടെ ചെന്നാലും എംഎൽഎയ്ക്കുള്ള സമ്മാനമെന്നു പറഞ്ഞ് ആളുകൾ പലതും നൽകാറുണ്ടെന്നും അഞ്ജലി പറയുന്നു. മന്ത്രിയാകുമെന്ന് അച്ഛന്‍ തന്‍റെ കുഞ്ഞിലേ പറഞ്ഞിട്ടുണ്ടെന്ന പരമരഹസ്യം കൂടി വെളിപ്പെടുത്തിയതോടെ പൂർത്തിയായി…!

See also  ഇന്ന് മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഓടിനടന്ന് വോട്ടു പിടിക്കുക എന്നൊക്കെ കേൾക്കാറുണ്ടെങ്കിലും, ശരിക്കും അത് ചെയ്തു കാണിച്ചത് അഞ്ജലിയായിരുന്നു. മാത്രമല്ല, കലാശക്കൊട്ടിന് പ്രത്യേക ആക്ഷനുകൾ സഹിതം പുറത്തെടുത്ത ഡാൻസും വൈറലായി. മാത്രമല്ല, കലാശക്കൊട്ട് അവസാനിപ്പിച്ച് ചക്കയും മുറിച്ചു കഴിച്ചാണ് അഞ്ജലി പിരിഞ്ഞത്. സ്വന്തം ചിഹ്നത്തോട് ഇത്രയും ആത്മാർഥതയും സ്നേഹവും കാണിച്ച വേറൊരു സ്ഥാനാർഥിയില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

പ്രസവകാര്യ വിദഗ്ധൻ

വിവാദ പ്രസ്താവനകൾ നടത്തി എയറിൽ ക‍യറാൻ തെരഞ്ഞെടുപ്പ് വേണമെന്നൊന്നും നിർബന്ധമില്ലാത്ത ആളാണ് തൃക്കാക്കര സ്ഥാനാർഥി അഖിൽ മാരാർ. തെരഞ്ഞെടുപ്പാകുമ്പോൾ ശ്രദ്ധ കുറച്ചധികം കിട്ടും എന്നു മാത്രം. അഖിലിന്‍റെ കണ്ടന്‍റ് പക്ഷേ, ചക്കയും മാങ്ങയുമൊന്നുമല്ല, പ്രസവവും ചരിത്രവുമൊക്കെയായിരുന്നു.

പ്രസവം വളരെ സിമ്പിളാണെന്നും സ്ത്രീകൾ എൻജോയ് ചെയ്തിരുന്നു എന്നുമൊക്കെയുള്ള പരാമർശത്തിൽ അഖിൽ കുറച്ചൊന്നുമല്ല വിയർത്തത്. നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. പക്ഷേ, പറഞ്ഞതു തിരുത്താൻ അഖിൽ തായറായില്ല. ഭാര്യയെ അടക്കം കൂട്ടുപിടിച്ച് ന്യായീകരിക്കാൻ നടത്തിയ ശ്രമം വീണിടത്തുകിടന്ന് ഉരുളുന്ന പോലെ ആയെന്നു മാത്രം. കുറച്ചുകൂടി ചെളി പറ്റിയെന്നല്ലാതെ കാര്യമൊന്നുമുണ്ടായില്ല.

സ്ഥാനാർഥിയായതിൽ പിന്നെയാണ് അഖിൽ മാരാർക്ക് ഇത്ര പ്രശ്നമെന്നു പലരും കളിയാക്കി. കുറച്ച് ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധിയെന്നു വിളിക്കാമെന്നു എന്നു വരെ ആളുകൾ പരിഹസിച്ചു.

മറ്റൊരു ബുദ്ധിപരമായ മണ്ടത്തരം മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനെക്കുറിച്ചായിരുന്നു. മാർത്താണ്ഡ വർമയുടെയോ സ്വാതി തിരുനാളിന്‍റെയോ കാലത്ത് ഐൻസ്റ്റീനെ ബന്ധപ്പെട്ടിരുന്നു എന്നാണ് അഖിൽ മാരാർ പറഞ്ഞത്. ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ആളുകളും കാലഘട്ടവും ഇതല്ലെന്നതാണ് വാസ്തവം. മാർത്താണ്ഡ വർമയോ സ്വാതി തിരുനാളോ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഐൻസ്റ്റീൻ ജനിച്ചിട്ടില്ല. തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയുടെ കാലത്താണ് യഥാർഥത്തിൽ ഐസ്റ്റീനുമായി ബന്ധപ്പെടാൻ ശ്രമിച്ചത്.

തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും നടനുമായി രമേശ് പിഷാരടിക്കെതിരേയും അഖിൽ ആരോപണങ്ങൾ ഉന്നയിച്ചു. ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു ആരോപണം.

വോട്ട് ചോദിക്കാൻ പോയി ബാഡ്മിന്‍റൺ കളിച്ച് പാളിയതും, കലാശക്കൊട്ടിന് ചെണ്ടകൊട്ടി പ്രഹസനം കാണിച്ചതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ചുരുങ്ങിയത് അടുത്ത നിയമസഭയുടെ കാലാവധി വരേക്കുള്ള കണ്ടന്‍റ് ഏതായാലും ഒറ്റ മാസം കൊണ്ട് അദ്ദേഹം ഉണ്ടാക്കിക്കഴിഞ്ഞു.

ഏറ്റുമാനൂരിലെ പണ്ഡിത

സ്ഥാനാർഥി പ്രഖ്യാപനത്തിന്‍റെ സമയത്ത് ആളുകൾക്ക് അത്ര പരിചിതയല്ലായിരുന്നു ആതിര ഡി. നായർ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ ഏറ്റുമാനൂരിൽ ആതിര ശ്രദ്ധ നേടിയെങ്കിലും പിന്നീടുള്ള പല പ്രസ്താവനകളും വലിയ വിമർശനത്തിന് വഴിവച്ചു.

നോർത്തിലൊക്കെ എന്താണ് പ്രശ്നം, വികസനമൊക്കെ ഉണ്ടല്ലോ എന്ന ആതിരയുടെ പരാമർശമാണ് കൂട്ടത്തിൽ വീര്യം കൂടിയത്. നോർത്തിലെ പ്രശ്നങ്ങളുടെ തെളിവ് സഹിതം എടുത്ത് നെറ്റിസൺസ് ആതിരക്കെതിരേ രംഗത്തെത്തി.

See also  കിടങ്ങൂരില്‍ ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

യുവാക്കൾക്കു വേണ്ടി മോദി എല്ലാം ചെയ്യുന്നുണ്ടെന്നും, കുമ്മനത്തിന് ഒരുപാട് വിഷൻ ഉള്ള ആളാണെന്നും പറഞ്ഞ ആതിര, പിണറായി വിജയനും തന്‍റെ എതിർ സ്ഥാനാർഥി വി.എൻ. വാസവനും റിട്ടയർമെന്‍റ് ലൈഫ് നയിക്കാനുള്ള സമയമായെന്നു പറഞ്ഞത് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചു.

കേരളത്തിലെ മികച്ച വിദ്യാഭ്യാസം മുതൽ കെഎസ്ആർടിസി ബസിലെ പടിയുടെ വീതി കുറച്ചതുവരെ കേന്ദ്ര സർക്കാരാണ് എന്നായിരുന്നു ആതിരയുടെ മറ്റൊരു പ്രതികരണം. മാത്രമല്ല, എല്ലാം മോദി സർക്കാരാണ് തന്നതെന്നും കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലെനുള്ള ആതിരയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടു. ഏറ്റുമാനൂർ കിഴക്കമ്പലം മോഡലാക്കുമെന്നും ആതിര പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ പറയാന്‍ ചെറിയ തൊലിക്കട്ടിയൊന്നും പോരെന്നും കേരളത്തിലെ ജനങ്ങൾ മണ്ടന്മാരാണെന്ന് ധരിക്കരുതെന്നും വിമർശനങ്ങളുയർന്നു.

ബിഗ് ബോസിലെ വില്ലൻ

ബിഗ് ബോസ് ഷോയിൽ നിന്നു പുറത്താക്കപ്പെട്ട് കുപ്രസിദ്ധിയാർജിച്ച ഡോ. റോബിൻ രാധാകൃഷ്ണനായിരുന്നു എൻഡിഎയുടെ മറ്റൊരു പ്രമുഖ സ്ഥാനാർഥി. റിയാലിറ്റി ഷോയിൽ റോബിൻ കാണിച്ച വെകിളികളുടെ മറ്റൊരു വശമാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തും കണ്ടത്.

കൊല്ലം കുണ്ടറിയിലാണ് റോബിൻ മത്സരിച്ചത്. ജയിച്ചാൽ നരേന്ദ്ര മോദിയെ കുണ്ടറയിൽ കൊണ്ടുവരും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വിലയേറിയ തെരഞ്ഞെടുപ്പ് വാഗ്ദാനം. ജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട്ട് കൊണ്ടുവരാമെന്ന രമേശ് പിഷാരടിയുടെ വാഗ്ദനമൊക്കെ ഇതോടെ അപ്രസക്തം! റോബിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രധാനമന്ത്രിയെ സംസ്ഥാനത്ത് കൊണ്ടുവരുന്നതു മാത്രമാണോ ഒരു ജനപ്രതിനിധിയുടെ ലക്ഷ്യമെന്നു പലരും ചോദിക്കുകയും ചെയ്തു.

എന്നാൽ, അതു മാത്രമല്ല തന്‍റെ യോഗ്യതയെന്നും, ക്രിക്കറ്റ് കളിക്കാനും പാതക പമ്പരം പോലെ ആകാശത്ത് കറക്കാനുമൊക്കെ തനിക്കു സാധിക്കുമെന്ന് റോബിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ തെളിയിച്ചു. അതിന്‍റെയെല്ലാം വീഡിയോകൾ ട്രോളൻമാർ മത്സരിച്ച് ഏറ്റെടുക്കുകയും ചെയ്തു!

Related Articles

Back to top button