Kerala

​'പുതുയുഗ'ത്തിനൊരുങ്ങി വി.ഡി. സതീശൻ; മന്ത്രിസഭാ സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകും?. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കോണ്‍ഗ്രസിലും ഘടകകക്ഷികളിലും സീറ്റ് ഉറപ്പിച്ച ചിലര്‍ ഉണ്ട്. കോണ്‍ഗ്രസില്‍ ആറ് പേര്‍ ഏകദേശം സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, എം ലിജു, പി സി വിഷ്ണുനാഥ് എന്നിവരാണവര്‍. ഇതില്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഏകദേശം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ഉപാധിയെന്ന നിലയില്‍ മുന്നോട്ടുവെച്ചത് ആഭ്യന്തരമന്ത്രി സ്ഥാനമാണ്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. രമേശ് ചെന്നിത്തലക്ക് പ്രധാന വകുപ്പ് നല്‍കണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരുന്നു.

കോണ്‍ഗ്രസില്‍ മന്ത്രി പദവിക്ക് സാധ്യതയുള്ളത് ഒന്‍പത് പേരാണ്. കെ പ്രവീണ്‍കുമാര്‍, ടി സിദ്ദിഖ്, ബിന്ദു കൃഷ്ണ, വി ടി ബല്‍റാം, ടി ജെ വിനോദ്, വി പി സജീന്ദ്രന്‍, ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത്, കെ ജയന്ത് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. ഘടകകക്ഷികളില്‍ ആര്‍എസ്പിയും സിഎംപിയും മുസ്‌ലിം ലീഗും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും സിഎംപിയില്‍ നിന്ന് സി പി ജോണും മന്ത്രിസഭയില്‍ ഉണ്ടാകും. അഞ്ച് മന്ത്രിമാര്‍ വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്‌ലിം ലീഗ്. ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം, ഐടി വകുപ്പുകള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. പി കെ ബഷീറിന് പൊതുമരാമത്ത് വകുപ്പ് ലഭിച്ചേക്കുമെന്നാണ് വിവരം. എന്‍ ഷംസുദ്ദീന് ലഭിക്കാന്‍ സാധ്യത വിദ്യാഭ്യാസ വകുപ്പായിരിക്കും. കെ എം ഷാജിയായിരിക്കും തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

ലീഗില്‍ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ചാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. എറണാകുളം, കോഴിക്കോട്, കാസര്‍കോട് എന്നിങ്ങനെ തിരിഞ്ഞ് മന്ത്രി സ്ഥാനത്തിനായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തിന് മൊത്തമായി വി ഇ അബ്ദല്‍ ഗഫൂറിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. അബ്ദുല്‍ ഗഫൂറും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖഹി ശിഹാബ് തങ്ങളുടെ പിന്തുണയും അബ്ദുല്‍ ഗഫൂറിനുണ്ട്. അതുകൊണ്ടുതന്നെ അബ്ദുല്‍ ഗഫൂറിന് സാധ്യതയേറെയാണ്. മന്ത്രിസഭയിലേക്ക് വരികയാണെങ്കില്‍ അബ്ദുല്‍ ഗഫൂറിന് ലഭിക്കുക നഗരാസൂത്രണ വകുപ്പായിരിക്കും. കോഴിക്കോട് നിന്ന് മന്ത്രിവേണമെന്ന ആവശ്യം ഉയര്‍ത്തി മുന്‍പ് പ്രമേയം പാസാക്കിയതാണ്. കോഴിക്കോട് നിന്ന് മന്ത്രിയെ പരിഗണിക്കുകയാണെങ്കില്‍ പാറക്കല്‍ അബ്ദുള്ള, റസാക്ക് മാസ്റ്റര്‍ എന്നിവര്‍ക്കാണ് സാധ്യത. പുതുമുഖത്തെ പരിഗണിക്കുകയാണെങ്കില്‍ പി കെ ഫിറോസിനാകും നറുക്ക് വീഴുക. കാസര്‍കോട് നിന്ന് എകെഎം അഷ്‌റഫ്, കല്ലത്ര മാഹിന്‍ ഹാജി എന്നിവര്‍ക്കും സാധ്യതയുണ്ട്.

See also  ചൈതന്യാനന്ദയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ

മന്ത്രിസ്ഥാനത്തിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പിടിമുറുക്കിയിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനം വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. മോന്‍സ് ജോസഫും അപു ജോസഫുമായിരിക്കും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം. പ്രഥമ പരിഗണന മോന്‍സ് ജോസഫിനാണ്. രണ്ടാം മന്ത്രിസ്ഥാനമാകും അപുവിന് ലഭിക്കുക. തോമസ് ഉണ്ണിയാടനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാള്‍ ചീഫ് വിപ്പാകും. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍.

അതേസമയം, 102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാരിന്റ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button