Kerala

വിദ്യാർത്ഥി പ്രതിഷേധം ശക്തമായി; മലയാളസർവകലാശാലയിലെ വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ പെരുമാറ്റച്ചട്ടം സർവകലാശാല അധികൃതർ പിൻവലിച്ചു. ക്യാമ്പസിനകത്ത് രൂപപ്പെട്ട ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്നാണ് കരട് രേഖയിലുള്ള തുടർനടപടികൾ വേണ്ടെന്നുവെക്കാൻ സർവകലാശാല തീരുമാനിച്ചത്.

​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നത്. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. കൂടാതെ ക്യാമ്പസിനുള്ളിൽ അനധികൃത രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

​ഈ പെരുമാറ്റച്ചട്ടത്തിനെതിരെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഗവർണറുടെ നീക്കം അതീവ ഗുരുതരമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വിമർശിച്ചിരുന്നു.

​പെരുമാറ്റച്ചട്ടത്തിന് പുറമെ, സർവകലാശാലയിലെ പി.ജി പ്രവേശന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ, വിവാദ സർക്കുലർ പിൻവലിക്കുന്നതിനൊപ്പം സർവകലാശാലയിലേക്കുള്ള പി.ജി എൻട്രൻസ് പരീക്ഷയും അഭിമുഖവും പഴയപടി തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്.

See also  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

Related Articles

Back to top button