Kerala

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗൺമാൻമാരെ പ്രതിചേർത്തതിൽ രാഷ്ട്രീയപ്പകയില്ലെന്ന് എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നില്‍ രാഷ്ട്രീയപ്പകയില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്‌ഐടിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പകപോക്കലോ, പിന്തുടര്‍ന്ന് ആക്രമിക്കലോ, എന്തെങ്കിലും ദുരുദ്ദേശമോ കേസിന് പിന്നിലില്ലെന്നാണ് അന്വഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിലെ പുനരന്വേഷണം പൂര്‍ണ്ണമായും കോടതിയുടെ നിര്‍ദേശപ്രകാരമാണെന്നും സാക്ഷിമൊഴികളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗണ്‍മാന്മാരെ പ്രതി ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമ ദൃശ്യങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ടും പ്രതികള്‍ക്കെതിരാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കേസില്‍ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഗണ്‍മാന്‍ അനില്‍ കുമാര്‍, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി. എസ്‌ഐടി റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.

2023 ഡിസംബര്‍ 5ന് വൈകിട്ട് നവകേരള സദസ് പരിപാടിക്കായി വന്ന മുഖ്യമന്ത്രിയുടെ ബസിന് മുന്നില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗണ്‍മാനും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.

See also  പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് എംവി ഗോവിന്ദന്റെ പ്രസ്താവന: വിഡി സതീശൻ

Related Articles

Back to top button