'പവർ ബ്രോക്കർമാർ ഭരിക്കുന്നു' എന്ന് പിണറായി; മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷത്തുനിന്ന് വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്.
ഭരണമാറ്റത്തിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി. ജോയ് ആരോപിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, മേയ് മാസം വിരമിക്കൽ കാലമാണെന്നും ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്നും പൊതുഭരണ വകുപ്പ് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സ്ഥലംമാറ്റങ്ങളെക്കുറിച്ചുള്ള പിണറായി വിജയന്റെ പഴയ നിയമസഭാ മറുപടികൾ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത വിമർശനമുയർത്തി. സർക്കാർ അധികാരത്തിൽ വരും മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ തുടങ്ങിയെന്നും പവർ ബ്രോക്കർമാരും ദല്ലാൾമാരുമാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാനദണ്ഡം മറികടന്നുള്ള സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിനിടെ മന്ത്രി സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച കാര്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രി അതിനോട് പ്രതികരിച്ചില്ല. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.



