Sports

ഇത് എന്ത് മണ്ടൻ കളിയാണ്; 2007-ൽ ടി20 കളിക്കാൻ സച്ചിനോടും ദ്രാവിഡിനോടും കെഞ്ചേണ്ടി വന്നുവെന്ന് ലളിത് മോദി

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ മാറ്റിമറിച്ച ട്വന്റി-20 ഫോർമാറ്റിന്റെ തുടക്കകാലത്ത് ഇന്ത്യൻ സീനിയർ താരങ്ങൾക്ക് അതിനോട് കടുത്ത വിമുഖതയായിരുന്നുവെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന കന്നി ടി20 ലോകകപ്പിൽ പങ്കെടുക്കാൻ തനിക്ക് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ മുന്നിൽ കെഞ്ചേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

​അക്കാലത്ത് ടി20 ക്രിക്കറ്റ് വെറുമൊരു ‘മണ്ടൻ കളി’ (Stupid game) ആണെന്നായിരുന്നു താരങ്ങളുടെ നിലപാടെന്ന് ലളിത് മോദി എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലളിത് മോദിയുടെ വാക്കുകൾ ഇങ്ങനെ:

​”2007-ൽ ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നതിനിടയിൽ ഞാൻ ഡ്രെസ്സിംഗ് റൂമിൽ പോയി ഓരോ താരത്തോടും സംസാരിച്ചിരുന്നു. ടി20 ലോകകപ്പ് കളിക്കണമെന്ന് ഞാൻ അവരോട് അപേക്ഷിച്ചു. എന്നാൽ ‘ലളിത്, നീ തമാശ പറയുകയാണോ? ഇതെന്ത് മണ്ടൻ കളിയാണ്? ഞങ്ങൾക്ക് ഇത് കളിക്കാൻ താല്പര്യമില്ല’ എന്നായിരുന്നു എല്ലാവരുടെയും പ്രതികരണം. നീണ്ട ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.”

 

​ഇതേത്തുടർന്നാണ് ബിസിസിഐ പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കി മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ ഒരു രണ്ടാം നിര ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാൻ തീരുമാനിച്ചത്. തികച്ചും പരിചയസമ്പന്നരല്ലാത്ത ആ യുവനിര അന്ന് ലോകകപ്പ് കിരീടം നേടിക്കൊണ്ട് ചരിത്രം കുറിക്കുകയായിരുന്നു.

​ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു താരം ലോകകപ്പ് കളിക്കില്ല എന്ന് പറഞ്ഞാൽ രാജ്യത്ത് വലിയ പ്രതിഷേധം ഉണ്ടാകുമെന്നും, എന്നാൽ അന്ന് ബിസിസിഐ ഒരു ‘ബി’ ടീമിനെ അയച്ചിട്ട് പോലും ആരും ചോദ്യം ചെയ്തിരുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു. തുടക്കത്തിൽ പരസ്യവരുമാനമോ കാണികളോ ഇല്ലാതിരുന്ന ടി20 ഫോർമാറ്റിന് വഴിത്തിരിവായത് ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് അടിച്ച ആറ് സിക്സറുകളാണെന്നും അതിന് ശേഷമാണ് ടൂർണമെന്റിന്റെ റേറ്റിംഗ് കുതിച്ചുയർന്നതെന്നും ലളിത് മോദി വെളിപ്പെടുത്തി.

See also  അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായ തീരുമാനങ്ങളെടുത്തു; മാച്ച് റഫറിക്ക് പരാതി നൽകി ഇന്ത്യൻ ടീം

Related Articles

Back to top button