Sports

ഫുട്ബോൾ മത്സരത്തിനിടെ സ്പൈഡർ ക്യാമറ ഗ്രൗണ്ടിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

ബുഡാപെസ്റ്റ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ സ്പൈഡര്‍ ക്യാമറ ഗ്രൗണ്ടിലേക്ക് പൊട്ടിവീണു. ഹംഗറിയും കസാഖിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഹംഗറിയിലെ നാഗ്യെർഡെയ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.

​മത്സരത്തിന്‍റെ 26-ാം മിനിറ്റിൽ ഗ്രൗണ്ടിന് മുകളിൽ തൂക്കിയിട്ടിരുന്ന ഭാരമേറിയ സ്പൈഡർ ക്യാമറ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ടച്ച്‌ലൈനിന് തൊട്ടടുത്ത് നിന്നിരുന്ന ക്യാമറാമാന്‍റെ തൊട്ടുമുന്നിലേക്കാണ് ക്യാമറ വീണത്. അദ്ദേഹം അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഹംഗറി കളിക്കാരുടെ വാം-അപ്പ് ഏരിയയ്ക്ക് തൊട്ടടുത്താണ് ക്യാമറ വന്നു വീണത്. സപ്പോര്‍ട്ട് സ്റ്റാഫും കളിക്കാരും ആ സമയം ഒരൽപ്പം മാറി നിന്നിരുന്നതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

​മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്പൈഡർ ക്യാമറയിൽ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. ക്യാമറയെ താങ്ങിനിർത്തിയിരുന്ന കേബിളുകളിലൊന്നിന് തീപിടിച്ച് കേടുപാടുകൾ സംഭവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഹംഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രൗണ്ടില്‍ നിന്ന് 20 മീറ്ററിലധികം (ഏകദേശം 65 അടി) ഉയരത്തിൽ നിന്നാണ് ക്യാമറ നിമിഷങ്ങൾക്കകം താഴേക്ക് പതിച്ചത്.

​അപകടത്തെത്തുടർന്ന് റഫറി ഉടൻ തന്നെ കളിക്കാർക്ക് ഡ്രിങ്ക്സ് ബ്രേക്ക് അനുവദിക്കുകയും കളി അൽപ്പനേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തു. ഈ സമയം കൊണ്ട് സുരക്ഷാ ജീവനക്കാരെത്തി തകർന്ന ക്യാമറയും കേബിളുകളും മൈതാനത്തുനിന്ന് മാറ്റി. അപകടത്തിനു ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) ഹംഗറി കസാഖിസ്ഥാനെ പരാജയപ്പെടുത്തി.


See also  സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി, നമസ്‌തേ ഇന്ത്യ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി മെസി

Related Articles

Back to top button