Kerala

കെഎസ്ആർടിസി വിദ്യാർഥി പാസ് നിരക്ക് വർധന; ഓൺലൈൻ ചാർജ് 11 ഇരട്ടിയാക്കി: പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ പാസ്സ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. പാസ് പുതുക്കുന്നതിനുള്ള ചാർജ് 10 രൂപയിൽ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കി ഉയർത്തിയ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

​കഴിഞ്ഞ അധ്യയന വർഷം വരെ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ കേവലം 10 രൂപ മാത്രമാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ഇത് പതിനൊന്നിരട്ടിയാക്കി 110 രൂപയായി വർധിപ്പിച്ചത് സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള വഞ്ചനയും നീതികേടുമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

​കേരളത്തിൽ സ്കൂളുകളിലും കോളേജുകളിലും പോകുന്നതിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. ചെറിയ തുകയ്ക്ക് യാത്രാ പാസ്സ് നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെ തുടർന്നുപോന്നിരുന്നത്. എന്നാൽ നിലവിലെ ഈ ചാർജ് വർധനവ് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും അവരുടെ യാത്രാവകാശത്തെ റദ്ദ് ചെയ്യുന്നതുമാണ്.

​വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനം കെഎസ്ആർടിസി അധികൃതർ അടിയന്തിരമായി പിൻവലിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ യാത്രാവകാശ പോരാട്ടവും സംസ്ഥാനവ്യാപക പ്രതിഷധങ്ങളും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം. ശിവപ്രസാദും സെക്രട്ടറി പി. എസ്. സഞ്ജീവും അറിയിച്ചു.

See also  പത്തു വർഷത്തെ ദുർഭരണത്തിന് ജനം മറുപടി നൽകി; ജനവിധിയിൽ പ്രതികരിച്ച് ചെന്നിത്തല

Related Articles

Back to top button