Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം: അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി സുപ്രധാന നിർദേശം നൽകി. കേസിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.

​അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായി മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി മുൻപ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും പക്ഷപാതപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സംഘം (SIT) പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം.

​കേസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാന ഡിജിറ്റൽ തെളിവുകൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളോ മറ്റ് അട്ടിമറി ശ്രമങ്ങളോ പുറത്തുകൊണ്ടുവരണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി കോടതിയിൽ ഹാജരായത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും വിചാരണക്കോടതിക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

See also  തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

Related Articles

Back to top button