ലോകകപ്പ് 2026; റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് പുലിസിക്

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026 പോരാട്ടങ്ങൾക്ക് തകർപ്പൻ വിജയത്തോടെ തുടക്കം കുറിച്ച് സഹആതിഥേയരായ യുഎസ്എ (USMNT). ഗ്രൂപ്പ് ഡി മത്സരത്തിൽ കരുത്തരായ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്കൻ പട തകർത്തത്. മത്സരത്തിൽ മികച്ച ഫോം പുറത്തെടുത്ത അമേരിക്കൻ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിക്, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് റെക്കോർഡും മറികടന്നു.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ യുഎസ്എ പൂർണ്ണ ആധിപത്യം സ്ഥാപിച്ചിരുന്നു. ഏഴാം മിനിറ്റിൽ ഡാമിയൻ ബൊബാദില്ലയുടെ ഓൺ ഗോളിലൂടെയാണ് യുഎസ്എ മുന്നിലെത്തിയത്. തുടർന്നായിരുന്നു പുലിസിക്കിന്റെ ചരിത്ര നിമിഷം. 31-ാം മിനിറ്റിൽ പുലിസിക്കിന്റെ കൃത്യതയാർന്ന പാസിൽ നിന്നും ഫോളാരിൻ ബലോഗൻ അമേരിക്കയുടെ രണ്ടാം ഗോൾ നേടി.
ഈ അസിസ്റ്റോടെ ലോകകപ്പ് ചരിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റ് റെക്കോർഡ് പുലിസിക് മറികടന്നു. 22 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 2 അസിസ്റ്റുകൾ നേടിയപ്പോൾ, പുലിസിക് തന്റെ വെറും അഞ്ചാമത്തെ ലോകകപ്പ് മത്സരത്തിലാണ് 3 അസിസ്റ്റുകൾ തികച്ച് ഈ നേട്ടം സ്വന്തമാക്കിയത്.
ഒന്നാം പകുതിയുടെ അധിക സമയത്ത് (45+4′) ബലോഗൻ തന്റെ രണ്ടാം ഗോളും നേടി യുഎസ്എയുടെ ലീഡ് 3-0 ആയി ഉയർത്തി. രണ്ടാം പകുതിയിൽ മൗറീഷ്യോയിലൂടെ ഒരു ഗോൾ മടക്കി പരാഗ്വെ പോരാട്ടവീര്യം കാട്ടിയെങ്കിലും ഇഞ്ചുറി ടൈമിൽ (90+7′) ജിയോവാനി റെയ്ന യുഎസ്എയുടെ നാലാം ഗോളും വലയിലെത്തിച്ചു. കാഫ് മസിലിന് അനുഭവപ്പെട്ട നേരിയ അസ്വസ്ഥതയെ തുടർന്ന് ക്യാപ്റ്റൻ പുലിസിക്കിനെ ഒന്നാം പകുതിക്ക് ശേഷം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പിൻവലിച്ചിരുന്നു. എങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകൾ.



