Movies

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വൻ വഴിത്തിരിവ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനുമായ ജിതിൻ ഭാസ്കർ അറസ്റ്റിൽ. കാഫി‍ർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. നേരത്തെ ജിതിൻ ഭാസ്കറിൻ്റെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. നേരത്തെ വടകര സ്ക്വാഡ‍് എന്ന ​ഗ്രൂപ്പിൻ്റെ അഡ്മിൻമാരായ ആറ് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പത്ത് പേരാണ് ​ഗ്രൂപ്പിൻ്റെ അഡ്മിന്മാർ. കാഫിർ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആദ്യ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘം നേരത്തെ ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ എന്നാണ് വിവരം.

കേസിൽ നേരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റായിരുന്ന റിബേഷ് രാമകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നാണ് സ്ക്രീൻഷോട്ട് ഷെയർ ചെയ്ത് കിട്ടിയതെന്നായിരുന്നു റിബേഷിൻ്റെ മൊഴി. ഇതിന് പിന്നാലെയാണ് വടകര സ്ക്വാഡ് അടക്കമുള്ള സിപിഐഎമ്മിൻ്റെ സൈബർ ഹാൻഡിലുകളിലേയ്ക്ക് അന്വേഷണം എത്തിയിരിക്കുന്നത്. കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നേരത്തെ രംഗത്തെത്തിയിരുന്നു. വടകരയിലെ ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു..

എന്താണ് കാഫിർ സ്‌ക്രീൻഷോട്ട് കേസ്?

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വ്യാജ ‘കാഫിർ’ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. തുടക്കത്തിൽ യു.ഡി.എഫ് അനുകൂലിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് പോലീസ് ഇദ്ദേഹത്തെ പ്രതി ചേർത്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്ന് കാണിച്ച് കാസിം സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി കർശനമായി ഇടപെട്ടതോടെയാണ് അന്വേഷണത്തിൽ വൻ വഴിത്തിരിവുണ്ടായത്.

See also  അത്ഭുതങ്ങൾ ഒളിപ്പിച്ച് അവതാർ 3 ട്രെയ്‌ലർ പുറത്ത്; ആകാംഷയോടെ ആരാധകർ

​ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് നടത്തിയ ശാസ്ത്രീയമായ സൈബർ അന്വേഷണത്തിലാണ്, വ്യാജ സന്ദേശം ആദ്യം വന്നത് ഇടത് സൈബർ ഗ്രൂപ്പുകളായ ‘വടകര സ്ക്വാഡ്’ വഴിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ ഇടത് സൈബർ നേതാക്കൾക്കോ മറ്റ് ഗ്രൂപ്പുകൾക്കോ പങ്കുണ്ടോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.

Related Articles

Back to top button