പിഎംശ്രീ നടപ്പാക്കാൻ UDF ശ്രമം; LDF സർക്കാർ വീണ്ടും അധികാരത്തിൽ വന്നിരുന്നുവെങ്കിൽ മരവിപ്പിച്ച അവസ്ഥയിൽ കിടന്നേനെ: പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച പിണറായി വിജയൻ ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രസക്തമായ പ്രശ്നം, കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു. കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്ന് ചോദിച്ച പിണറായി വിജയൻ പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
ഇപ്പോൾ യുഡിഎഫ് സർക്കാർ ഉന്നയിക്കുന്നത് തെറ്റായ വാദമാണ്. എൽഡിഎഫ് സർക്കാർ ഒരു ധാരണാപത്രം ഒപ്പിട്ടു, അതുകൊണ്ട് ഈ ധാരണാപത്രവുമായി മുന്നോട്ട് പോകൽ മാത്രമേ രക്ഷയുള്ളു എന്നാണ് വാദം. ഈ വാദം ശരിയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. എസ്എസ്കെ ഫണ്ട് പിടിച്ചുവെച്ചത് വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കി. വിദ്യാഭ്യാസ മേഖലയിൽ പണം ചിലവിടുന്നതിന് അത് തടസ്സമായി. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഒരു മാസത്തിനകം തന്നെ എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിച്ചു. നവംബർ 12 ന് എൽഡിഎഫ് സർക്കാർ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചു. ധാരണാപത്രം ഒപ്പിട്ടത് കൊണ്ടുമാത്രം പദ്ധതി നടപ്പിലാവില്ലെന്നും ധാരണാപത്രം ഒപ്പിട്ട ശേഷം ഒരു തുടർനടപടിയും എൽഡിഎഫ് സർക്കാർ എടുത്തിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. സ്കൂളുകളുടെ ലിസ്റ്റ് പോലും എൽഡിഎഫ് സർക്കാർ തയ്യാറാക്കിയിട്ടില്ല. ലിസ്റ്റ് കേന്ദ്രത്തിന് കൈമാറിയിട്ടുമില്ല. ഇക്കാര്യങ്ങൾ സംസ്ഥാനം നടപ്പിലാക്കിയില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
പിഎം ശ്രീയിൽ നിന്ന് പണം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിന് കിട്ടിയത് എസ്എസ്കെ ഫണ്ടാണെന്നും കിട്ടിയ എസ്എസ്കെ ഫണ്ടിന് പിഎം ശ്രീയുമായി ബന്ധമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. വസ്തുതാ വിരുദ്ധമായി മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയുമെന്ന് പഞ്ചാബ് സർക്കാർ കാണിച്ചുതന്നുവെന്നും പിന്മാറാൻ കഴിയാത്ത ഒന്നാണ് പിഎം ശ്രീയെന്ന വാദം ശരിയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ ഗവർണർ സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ചതിനെയും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ജനാധിപത്യ മര്യാദകളെ ഗവർണർ ലംഘിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്നു. ഫെഡറൽ അധികാരത്തിന്റെ ലംഘനമാണിത്. ഗവർണറുടെ ഇടപെടൽ ഗുരുതരമായ സാഹചര്യമുണ്ടാക്കി. ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും കണ്ടില്ലെന്നും യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്ന് ആക്ഷേപമുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പിഎം ശ്രീ വിഷയത്തിൽ കോൺഗ്രസും ലീഗും വലിയ തോതിലുള്ള വിവാദം ഉയർത്താനാണ് നേരത്തെ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. എൽഡിഎഫ് സർക്കാർ ബിജെപിയുമായി എന്തോ ഡീൽ ഉണ്ടാക്കിയിരിക്കുകയാണ് അതിനാലാണ് പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്ക് മുന്നിലുള്ള കീഴടങ്ങലാണ് എന്നൊക്കെയാണ് യുഡിഎഫ് ആ ഘട്ടത്തിൽ വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ നടപ്പിലാക്കില്ലെന്നും പദ്ധതി അറബിക്കടലിൽ എറിയുമെന്നുള്ള അവകാശവാദങ്ങളാണ് അന്ന് യുഡിഎഫ് നേതാക്കൾ ഉയർത്തിയതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
ഇപ്പോൾ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ ഉയർത്തിയ പ്രതിഷേധങ്ങളെല്ലാം മാറ്റിവെച്ച് കേന്ദ്രസർക്കാരിൻ്റെ മുന്നിൽ അവരുടെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നതിന് യുഡിഎഫ് ഉത്തരം പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ലോകകപ്പ് കാണുന്നവർക്ക് വൈദ്യുതി നിയന്ത്രണം പ്രയാസമുണ്ടാക്കുന്നുവെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണത്തിൽ കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെ കാണണമെന്നും നാടിന്റെ പൊതുവികാരം പരിഗണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തിപരമായ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട എം എ ബേബിയുടെ നിലപാട് തള്ളുന്നതാണ് പിണറായി വിജയൻ്റെ പ്രതികരണം. സ്ഥലംമാറ്റങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സിവിൽ സർവീസിൽ അസംതൃപ്തി ഉണ്ടാക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്ഥലംമാറ്റത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. മന്ത്രിയാര്, കക്ഷിയാര്, സർക്കാർ ആര് എന്ന് ആരോഗ്യമന്ത്രിക്ക് ബോധ്യമായിക്കാണുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.



