Kerala

മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വീര്യം കുറയരുത്; മദ്യനികുതി പരിഷ്കാരം അഴിമതിക്ക് വാതിൽ തുറക്കുമെന്ന് എ.പി സമസ്ത

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി എ.പി. സമസ്ത. ഇത്തരം നീക്കങ്ങൾ വലിയ അഴിമതിക്ക് വഴിതുറക്കുമെന്നും പുതിയ തലമുറയെ മദ്യത്തിലേക്ക് തള്ളിവിടുന്ന തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും സമസ്തയുടെ മുഖപത്രമായ ‘സിറാജ്’ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.

​ഒരു വശത്ത് ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയും മറുവശത്ത് മദ്യവ്യാപനത്തിന് പഴുതൊരുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. മദ്യത്തെ വീര്യം കുറഞ്ഞതെന്നും കൂടിയതെന്നും തരംതിരിക്കുന്നത് വിഡ്ഢിത്തമാണ്. വീര്യം കുറഞ്ഞതെന്ന ലേബലൊട്ടിച്ച് പുതിയ കമ്പനികൾക്കും മദ്യ ഇനങ്ങൾക്കും വിപണി തുറന്നുകൊടുക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണ്.

​കേവലം വരുമാനം മാത്രം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് എഡിറ്റോറിയലിൽ പറയുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്തരം നീക്കങ്ങളെ നിശിതമായി വിമർശിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. അതിനാൽ പ്രകടനപത്രികയോടും മുൻ നിലപാടുകളോടും അദ്ദേഹം നീതി പുലർത്തണം.

​കാർഷിക വിളകളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള മുൻ സർക്കാരിന്റെ നീക്കങ്ങളെ പൊതുസമൂഹം എതിർത്തതാണ്. എന്നാൽ പുതിയ തീരുമാനത്തിലൂടെ കാർഷിക ഇളവുകളുടെ പേര് പറഞ്ഞ് വൻകിട സ്വകാര്യ മദ്യകമ്പനികളെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ സംസ്ഥാനത്തെ പിടിച്ചുലച്ച ബാർകോഴ അടക്കമുള്ള അഴിമതികൾ ആരും മറന്നിട്ടില്ലെന്നും വഴിവിട്ട നിലപാടുകളുമായി മുന്നോട്ടുപോയാൽ ജനം തിരിഞ്ഞുനിൽക്കുമെന്നും സമസ്ത ഓർമ്മിപ്പിച്ചു. തങ്ങൾ നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി ഈ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർക്കുന്നു.

See also  KSEBക്ക് ഷോക്ക്; വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു

Related Articles

Back to top button