Kerala

കൊട്ടാരക്കര ടിപ്പർ അപകടം; മണ്ണിനടിയിൽ നിന്ന് ഒരു കാൽവിരൽ കണ്ടു, മണ്ണ് മാറ്റിയപ്പോൾ കണ്ടത് പൊന്നുമകനെ: നടുക്കം മാറാതെ അച്ഛൻ

കൊട്ടാരക്കര: ദുരന്തഭൂമിയിൽ തകർന്നു വീണ മണ്ണിനടിയിൽ നിന്നും തന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലും, എന്നാൽ അപകടമുണ്ടായ നിമിഷങ്ങളിൽ മനുഷ്യത്വം മരവിച്ച സമൂഹത്തിന്റെ ക്രൂരത കണ്ടതിന്റെ നടുക്കത്തിലും ഒരു അച്ഛൻ. കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിനിടയിലാണ് സനിൽകുമാർ എന്ന അച്ഛന് സ്വന്തം മകനെ രക്ഷിക്കാൻ നെട്ടോട്ടമോടേണ്ടി വന്നത്.

​കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ നവനീതിനെ സ്കൂട്ടറിൽ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം അൽപം മാറി നിൽക്കുകയായിരുന്നു അമ്പലപ്പുറം കാർത്തികയിൽ പി. സനിൽകുമാർ. തൊട്ടടുത്ത നിമിഷമാണ് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിൽ മകനുണ്ടെന്ന് അറിയാമായിരുന്നെങ്കിലും മണ്ണിനടിയിൽ അവൻ അകപ്പെട്ടിട്ടുണ്ടാകുമെന്ന് ചിന്തിക്കാനുള്ള ശേഷി ആ ദുരന്തം കണ്ടപ്പോൾ സനിൽകുമാറിന് ഉണ്ടായിരുന്നില്ല.

​തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കും മണ്ണിനും ഇടയിൽ നിന്നും ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് മണ്ണിൽ പൊന്തിനിൽക്കുന്ന ഒരു ചെറിയ കാൽവിരൽ സനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വേഗത്തിൽ കൈകൊണ്ട് മണ്ണ് നീക്കിയപ്പോഴാണ് അത് തന്റെ മകൻ നവനീതാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മകനെ വാരിയെടുക്കുകയും, ഒപ്പം തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കുട്ടിയെയും അദ്ദേഹം മണ്ണിൽ നിന്നും വലിച്ചെടുത്തു.

​എന്നാൽ യഥാർത്ഥ ക്രൂരത അരങ്ങേറിയത് അതിനുശേഷമാണ്. മൂക്കിൽ നിന്നും ചോര വാർന്ന്, ശരീരമാകെ ചതവേറ്റ നിലയിലായ മകനെയും എടുത്തു കൊണ്ട് ആശുപത്രിയിലെത്തിക്കാൻ റോഡിലൂടെ പോയ പല വാഹനങ്ങൾക്കും സനിൽകുമാർ കൈകാണിച്ചെങ്കിലും ഒരു വണ്ടി പോലും നിർത്താൻ തയ്യാറായില്ല. ഒടുവിൽ അവിടെയെത്തിയ ഒരു സുഹൃത്തിന്റെ ബൈക്കിന് നടുവിലിരുത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ട് നവനീത് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും വൈകിട്ടോടെ ആശുപത്രി വിടുകയും ചെയ്തു.

​മൂന്ന് പേരുടെ ജീവനെടുത്ത കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, ചോരയൊലിക്കുന്ന കുട്ടിയുമായി സഹായത്തിനായി കെഞ്ചിയ ഒരു അച്ഛന് മുന്നിൽ വണ്ടി നിർത്താതെ പോയ മനുഷ്യരുടെ ക്രൂരത വലിയ ചർച്ചയാവുകയാണ്. അപകടത്തെത്തുടർന്ന് സ്കൂൾ സമയത്തെ ടിപ്പർ ഓട്ടത്തിനെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.

See also  തനിക്ക് സ്തുതിപാടകർ വേണ്ട; എംഎൽഎമാർക്ക് എപ്പോഴും എന്നെ വിളിക്കാം: വി ഡി സതീശൻ

Related Articles

Back to top button