Kerala

നടിക്കെതിരായ അധിക്ഷേപ പരാമർശം: ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ; കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

കൊച്ചി: നടി ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലും നടത്തിയ മോശം പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ നടിക്കും അവരുടെ കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഹണി റോസ് തനിക്കെതിരെ നൽകിയ പരാതി പിൻവലിച്ച് നിയമനടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

​സോഷ്യൽ മീഡിയയിൽ താൻ സാധാരണയായി നർമ്മങ്ങൾ പങ്കിടാറുണ്ടെന്നും എന്നാൽ അത് ഒരിക്കലും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.

​”ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും ഉണ്ടാക്കിയ ആഘാതത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ആർക്കും ഒരു വേദനയും ഉണ്ടാക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. ഈ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,” – ബോബി ചെമ്മണ്ണൂർ കുറിപ്പിൽ വ്യക്തമാക്കി.

​ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങളെത്തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും കഴിഞ്ഞ വർഷം ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ബോബി ചെമ്മണ്ണൂർ, കേസ് നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ പരസ്യമായ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

See also  മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Related Articles

Back to top button