ഉന്നത സിപിഐഎം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ഇ ഡി; സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്ന് പരാമർശം

തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ നടന്ന പരിശോധനയ്ക്ക് ശേഷം മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇ ഡി. കേസിൽ പ്രതിയായ ലെനിൻ രാജിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഇ ഡി സമർപ്പിച്ച തടസ ഹർജിയിലാണ് ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സിപിഐഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയാണ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നതെന്നും ഹർജിയിൽ പരാമർശമുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ കഴിഞ്ഞ മാസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തുകയും അക്രമികൾ കല്ലും വടിയും ഉപയോഗിച്ച് വാഹനങ്ങൾ തകർക്കുകയുമായിരുന്നു. ഈ ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്നുമാണ് കേന്ദ്ര ഏജൻസി ഇപ്പോൾ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ട്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ ഹർജി നൽകി. മ്യൂസിയം എസ്എച്ച്ഒയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇ ഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തിയത്. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നതില്‍ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.
പതിമൂന്ന് കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് റിപ്പോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസിന്റെ ഈ റിപ്പോര്‍ട്ടിന്മേലുള്ള വാദത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പൊലീസിനെ അറിയിച്ചില്ല. ജാമ്യം അനുവദിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നാണ് എസ്എച്ച്ഒ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യം മ്യൂസിയം എസ്എച്ച്ഒ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതോടെ അതിന് അനുകൂല നിലപാട് ഉണ്ടായെന്നാണ് വിവരം.



