Kerala

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കോടതിയിൽ ഹാജരായി; ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, സി.പി.എം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടങ്ങുന്ന മുതിർന്ന സി.പി.എം നേതാക്കൾ കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ (PMLA) കോടതിയിൽ നേരിട്ട് ഹാജരായി. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായാണ് നേതാക്കൾ കോടതിയിലെത്തിയത്. കോടതിയിൽ ഹാജരായ നേതാക്കൾക്ക് വ്യവസ്ഥകളോടെയുള്ള ഇടക്കാല ജാമ്യം അനുവദിച്ചു.

​എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച കോടതി, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തുകയും ജൂലൈ 4-ന് (ഇന്ന്) നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സമ്മൻസ് അയക്കുകയുമായിരുന്നു.

​സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയെയും പാർട്ടി നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ 28 പ്രതികളോടാണ് കോടതി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ജില്ലാ നേതാക്കൾക്ക് പുറമേ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്-നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വടക്കാഞ്ചേരി മുൻ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം തുടങ്ങിയവരും കോടതിയിൽ എത്തിയിരുന്നു.

​കേസിൽ സി.പി.എം പാർട്ടി അറുപത്തിയെട്ടാം പ്രതിയും എ.സി. മൊയ്തീൻ അറുപത്തിയേഴാം പ്രതിയുമാണ്. എം.എം വർഗീസ് 69, കെ. രാധാകൃഷ്ണൻ 70 എന്നിങ്ങനെയാണ് പ്രതിപ്പട്ടികയിലെ സ്ഥാനങ്ങൾ. കരുവന്നൂർ ബാങ്കിൽ കോടികളുടെ വായ്പാ ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ വിചാരണ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

See also  മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു

Related Articles

Back to top button