കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി; ഇതാണ് മുഖ്യമന്ത്രിയുടെ വിജയ മന്ത്രം: വി.ഡി സതീശനെതിരെ എ.എ റഹീം

തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ കടുത്ത രാഷ്ട്രീയ പരിഹാസവുമായി രാജ്യസഭാ എം.പി എ.എ റഹീം. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെയും വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ അദാനി ഗ്രൂപ്പ് സ്വീകരിച്ച നിലപാടുകളെയും മുൻനിർത്തിയാണ് റഹീമിന്റെ വിമർശനം.
”കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി; ഇതാണ് മുഖ്യമന്ത്രിയുടെ വിജയ മന്ത്രം,” എന്ന് എ.എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ബക്കാർഡി നികുതി വിവാദം
സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് പ്രതിപക്ഷം ഇത് ‘ബക്കാർഡി നികുതി’ എന്ന് വിളിച്ച് വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഒരു സ്വകാര്യ മദ്യ കമ്പനിയെ സഹായിക്കാനാണ് സർക്കാർ നികുതി ഇളവ് നൽകിയതെന്ന എൽ.ഡി.എഫ് ആരോപണത്തിന് പിന്നാലെയാണ് റഹീം ഈ വിഷയം വീണ്ടും ഉയർത്തിയത്.
വിഴിഞ്ഞം ഓഹരി വിവാദം
സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിസ് കമ്പനിയായ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനത്തിൽ മുഖ്യമന്ത്രി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് റഹീം കുറ്റപ്പെടുത്തി. ഈ രണ്ട് വിഷയങ്ങളെയും കൂട്ടിച്ചേർത്താണ് സർക്കാരിന്റെ നയങ്ങൾ ജനവിരുദ്ധമാണെന്ന തരത്തിൽ സി.പി.ഐ.എം രംഗത്തെത്തിയിരിക്കുന്നത്.


