സുകുമാരക്കുറുപ്പിനെ കണ്ടു; കൊൽക്കത്തയിലെ മുൻ നഴ്‌സിന്റെ നിർണായക മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ വർഷങ്ങൾക്ക് മുൻപ് കണ്ടെന്ന വെളിപ്പെടുത്തലുമായി കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന നഴ്‌സ്. കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്‌സിന്റെ നിർണായക മൊഴിയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ജോലി ചെയ്തിരുന്ന കൊൽക്കത്തയിലെ ആശുപത്രിയിൽ സുകുമാരക്കുറുപ്പ് എത്തിയിരുന്നു എന്നാണ് രത്നമ്മ നൽകിയ മൊഴി.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകൾ വീണ്ടും പരിശോധിച്ച് പൊടിതട്ടിയെടുക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം.
1984 ജനുവരി 21-നാണ് തന്റെ പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സുകുമാരക്കുറുപ്പ്, എൻ.ജെ. ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരായിരുന്നു ആ ക്രൂരകൃത്യത്തില്‍ കുറുപ്പിന്റെ പങ്കാളികള്‍. വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് ആലപ്പുഴ വണ്ടാനത്തെ വലിയ വീട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ‘കുറുപ്പ് ആയി മരിക്കാൻ പറ്റിയ’ ആളെ സംഘം പലയിടത്തും തിരഞ്ഞു, മൃതദേഹത്തിനായും ശ്രമിച്ചു. ഒന്നും ശരിയായില്ല. ആ കെണിയിലേക്കാണ് ചാക്കോ ചെന്നു കയറിയത്.
ആലപ്പുഴ കരുവാറ്റയിലെ ഹോട്ടലിലാണ് കുറുപ്പും കൂട്ടരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2 കാറുകളിലായി സംഘം ഓച്ചിറ വരെ പോയി, പറ്റിയ ആളെ കിട്ടാതെ മടങ്ങുമ്പോഴാണു കരുവാറ്റയിൽ ബസ് കാത്തു നിന്ന ചാക്കോയെ കണ്ടത്. ലിഫ്റ്റ് കൊടുത്ത ശേഷം യാത്രയ്ക്കിടയിൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീടു കഴുത്തു മുറുക്കി കൊലപ്പെടുത്തി. നേരെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തി മൃതദേഹത്തിൽ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. കുന്നം ഭാഗത്തെത്തി ജഡം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം വയലിലേക്കു തള്ളിയിറക്കി. പിന്നെ പെട്രോൾ ഒഴിച്ചു കത്തിച്ചു. പ്രതികളിൽ ചിലർക്കും പൊള്ളലേറ്റു.
കത്തിയ മൃതദേഹത്തിൽ പെട്രോൾ പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. ഓടുന്ന കാറിനു തീപിടിച്ചതാണെങ്കിൽ അങ്ങനെ സംഭവിക്കില്ല. മരിച്ചയാളുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും കരിയുടെ അംശം ഉണ്ടായിരുന്നില്ല. കാർ ഓടിക്കുമ്പോൾ തീ പിടിച്ചതല്ല എന്നു വ്യക്തം. വിദേശത്ത് ശത്രുക്കളുള്ള കുറുപ്പിനെ അവർ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു ഭാസ്കരപിള്ളയാണ്. ഡിവൈഎസ്പി സ്റ്റേഷനിൽ വിളിച്ചപ്പോൾ പിള്ള മുഴുക്കൈ ഷർട്ടിട്ടാണ് എത്തിയത്. കൈയുടെ ബട്ടൺ മാറ്റി തെറുത്തു വയ്ക്കാൻ നിർദേശിച്ചു. രണ്ടു കയ്യിലും പൊള്ളലേറ്റത് കണ്ടു. അതോടെ നാടകം പൊളിഞ്ഞു. സ്വത്തു തട്ടിയെടുക്കാൻ താനാണ് കുറുപ്പിനെ കൊന്നത് എന്നായി പിള്ള. പക്ഷേ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു.
ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു. പിള്ള കുടുങ്ങിയതറിഞ്ഞ് കുറുപ്പ് മുങ്ങി . ചാക്കോയെ കാറിലിട്ട് കത്തിച്ച് താൻ മരിച്ചെന്ന് വരുത്തിത്തീർക്കാനായിരുന്നു കുറുപ്പിന്റെ ശ്രമം. എന്നാൽ ഈ നാടകം പൊളിഞ്ഞതോടെ ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞ 42 വർഷമായി കേരള പൊലീസിന് കഴിഞ്ഞിട്ടില്ല.


