ദിവ്യ എസ് അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം; വിഴിഞ്ഞം ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (VISL) എംഡി സ്ഥാനത്തുനിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് കടുത്ത ഭാഷയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. ‘ദിവ്യ എസ് അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം?’ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഭരണമാറ്റമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും എംഎസ്‌സിയും (MSC) തമ്മിലുള്ള പുതിയ കരാറിന് പിന്നാലെയാണ് കേരളത്തിൽ രാഷ്ട്രീയ വിവാദം പുകയുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പിന്റെ പല നീക്കങ്ങളെയും പ്രതിരോധിച്ച ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിക്ക് വേണ്ടിയാണെന്ന കടുത്ത ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ദിവ്യയെ മാറ്റിയതിന് പിന്നിൽ വലിയ ‘ഡീൽ’ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ (സിപിഎം) ആരോപണം.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലകളിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. എന്താണ് കുഴപ്പം. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല. സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചത്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിൻറെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



