മേപ്പാടി കള്ളാടി ദുരന്തം; സർക്കാരും കൊങ്കൺ റെയിൽ കോർപ്പറേഷനും പ്രതിക്കൂട്ടിൽ: കാലാവസ്ഥാ മുന്നറിയിപ്പിലും ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

വയനാട്: മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനും നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനുമെതിരെ കടുത്ത അമർഷവും ആക്ഷേപങ്ങളും ഉയരുന്നു. വൻ സുരക്ഷാ വീഴ്ചകളും കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി വൻതോതിൽ മണ്ണ് കുന്നുകൂട്ടിയിട്ടതാണ് വലിയ അപകടത്തിന് കാരണമായത്. കനത്ത മഴക്കാലത്ത് ഇവിടെ സോയിൽ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി പ്രശ്നങ്ങൾ എന്നിവ മൂലം അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജൂൺ മാസത്തിൽ ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 20-ഓടെ ഈ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കരാർ കമ്പനിക്ക് കർശന നിർദേശം നൽകിയിരുന്നെങ്കിലും ഇത് പൂർണ്ണമായി പാലിക്കപ്പെട്ടില്ല.
മൺസൂൺ കാലത്ത് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന സുരക്ഷാ നിർദേശങ്ങളും, പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യങ്ങളും അധികൃതർ അവഗണിച്ചതായി ആരോപണമുണ്ട്. കൂടാതെ, പ്രദേശത്ത് അതിശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം വിലയിരുത്തുന്നതിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ഔദ്യോഗിക സംവിധാനങ്ങൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ പരിസ്ഥിതിലോല പ്രദേശമായ കള്ളാടിയിൽ ഇത്തരമൊരു വൻകിട നിർമാണം നടത്തുമ്പോൾ പുലർത്തേണ്ടിയിരുന്ന യാതൊരുവിധ ജാഗ്രതയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെയും പ്രതിപക്ഷത്തിന്റെയും ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


