മലപ്പുറത്ത് അതിതീവ്ര മഴ; റെഡ് അലാർട്ട് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലാർട്ട് (Red Alert) പ്രഖ്യാപിച്ച സാഹചര്യത്തിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നാളെ മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്നത് മിന്നൽ പ്രളയങ്ങൾക്കും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാമെന്നതിനാൽ നദീതീരങ്ങളിൽ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, അപകടാവസ്ഥ മുന്നിൽ കാണുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും കളക്ടർ നിർദേശിച്ചു.



