Kerala

ലഹരി വില്പനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തല മൊട്ടയടിച്ചു: ആറുപേർക്കെതിരെ കേസ്

കൊച്ചി: പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായി കോളനിക്ക് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ആക്രമണത്തിനിരയായ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

​18-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. ഭായി കോളനിക്ക് സമീപമെത്തിയ യുവാക്കളെ സംഘം യാതൊരു കാരണവുമില്ലാതെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവർ കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണെന്ന് ആരോപിച്ച് പ്രദേശത്തെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മുട്ടുകാലിൽ നിർത്തിച്ചു. മോശം പദപ്രയോഗങ്ങളോടെ ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു അതിക്രമം.

​സമീപത്ത് കട നടത്തുന്ന ഒരു ബാർബറെ ഭീഷണിപ്പെടുത്തി വിളിച്ചുകൊണ്ടുവന്നാണ് സംഘം മൂവരുടെയും തല ബലമായി മൊട്ടയടിപ്പിച്ചത്. സംഭവത്തിന് ശേഷം യുവാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 126, 127, 296, 115 (2), 133, 189, 191 (2), 190 ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, യുവാക്കൾ ഈ പ്രദേശത്ത് എത്തിയ സാഹചര്യം എന്താണെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

See also  വണ്ടിപ്പെരിയാർ പോക്‌സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

Related Articles

Back to top button